മൂവാറ്റുപുഴ: പ് നിയോജക മണ്ഡലത്തിലെ കായനാട് സർക്കാർ എൽ.പി.സ്‌കൂളിന്റെ പുനർ നിർമ്മാണത്തിന് 1.10കോടി രൂപ(ഒരു കോടി പത്ത് ലക്ഷം രൂപ) അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ആന്റ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഫൗണ്ടേഷനാണ് സ്‌കൂൾ നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചത്. ഒരു വർഷം മുൻപുണ്ടായ പ്രളയത്തിൽ സ്‌കൂൾ പൂർണ്ണമായും മുങ്ങിപ്പോയപ്പോൾ ഇനി സുരക്ഷിതമല്ലെന്നു അധികൃതർ വിധിയെഴുതിയതോടെ സ്‌കൂൾ അടച്ച് പൂട്ടുകയായിരുന്നു. തുടർന്ന് എൽദോ എബ്രഹാം എം.എൽ.എയുടെയും, പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്റെയും ഇടപെടലിനെ തുടർന്ന് സ്‌കൂളിന്റെ പ്രവർത്തനം കായനാട് സെന്റ് ജോർജ് പള്ളിയുടെ സൺഡേ സ്‌കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി.സൺഡേ സ്‌കൂൾ ക്ലാസുകൾ നടക്കുന്നതിനാൽ എൽപി സ്‌കൂളിൽ ശനിയാഴ്ച ക്ലാസുകൾ അവസാനിക്കുമ്പോൾ പുസ്തകങ്ങളും ഫയലുകളും മറ്റ് പഠനോപകരണങ്ങളുമൊക്കെ കെട്ടിടത്തിലെ ഒരു സുരക്ഷിത മുറിയിലേക്ക് മാറ്റണം. തിങ്കളാഴ്ച ഇവ വീണ്ടും സ്‌കൂളിലെ ക്ലാസ് മുറികളിലേക്കു തിരികെ എത്തിക്കണം. പള്ളിയുടെ സെമിത്തേരിയുടെ അരികിലുള്ള ശുചിമുറിയിൽ പോകാൻ വിദ്യാർത്ഥികൾക്ക് ഭയമുള്ളതിനാൽ കുട്ടികൾക്കൊപ്പം അദ്ധ്യാപകരും കൂടെ പോകണം. സ്‌കൂൾ എന്ന നിലയിൽ നേരിടുന്ന പരിമിതികളും ദുരിതങ്ങളും വിവരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ നേരത്തെ എൽദോ എബ്രഹാം എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു. കായനാട് സർക്കാർ എൽപി സ്‌കൂളിലെ 30 വിദ്യാർഥികളും 5 അദ്ധ്യാപകരുമാണുള്ളത്. . റോഡിനോടു ചേർന്നുള്ള മനോഹരമായ സ്ഥലത്തുള്ള സ്‌കൂൾ കെട്ടിടം ഇപ്പോൾ കാടുകയറി നശിച്ച നിലയിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഓണ പരീക്ഷ കഴിഞ്ഞ് സ്‌കൂൾ തുറക്കുന്നതോടെ സ്‌കൂളിൽ വിപുലമായ യോഗം വിളിച്ച് ചേർക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ പറഞ്ഞു.
പ്രളയത്തെ തുടർന്ന് പ്രവർത്തനയോഗ്യമല്ലാതായ ജില്ലയിലെ ഏക സ്‌കൂളാണിത്
സ് കൂൾ കെട്ടിടം ഇപ്പോൾ കാടുകയറി നശിച്ച നിലയിലാണ്