പെരുമ്പാവൂർ: ദുരന്താനന്തര സഹായവുമായി യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി നൽകിയത് മൂന്നുലോറി നിറയെ സാധന സാമഗ്രികൾ. നാല് ടൺ അരിയും മൂന്ന് ടൺ പലവ്യഞ്ജനങ്ങളും രണ്ടര ടണ്ണോളം ക്ലീനിങ് വസ്തുക്കളും ഒപ്പം നൂറ് ഗ്യാസ് അടുപ്പുകളും വസ്ത്രങ്ങളും പാത്രങ്ങളും പുതപ്പുകളും കുടിവെള്ളവും ആണ് പ്രവർത്തകർ ദുരന്തബാധിത മേഖലകളിൽ വിതരണം ചെയ്തത്.നൂൽപ്പുഴ പഞ്ചായത്ത് മൂലങ്കാവിലെ തേലംമ്പറ്റ, ഉള്ളിലം കോളനി, മുളച്ചിറ കോളനി, പിലാക്കാസ് കോളനി, നായ് തട്ടി, മുത്തങ്ങയിലെ കുറുമ കോളനി. സുൽത്താൻ ബത്തേരി കോട്ടക്കുന്നിലെ പണിയ കോളനി, കറുവളളിക്കുന്നിലെ പണിയ കോളനി. മേപ്പാടി പഞ്ചായത്തിലെ കുന്നമറ്റം, വേങ്ങപ്പിള്ളി ചാമുണ്ടി കോളനി. കോട്ടത്തറ പഞ്ചായത്തിലെ പുന്നക്കൽ, കള്ളമെന്തി, കള്ളമെന്തി കുന്ന് കൂടാതെ നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് അവശ്യസാധനങ്ങൾ വിതരണം ചെയ്തത് മൂന്നു ദിവസം ക്യാമ്പ് ചെയ്താണ് സാധനങ്ങൾ പ്രളയ ബാധിതർക്ക് വിതരണം പൂർത്തീകരിച്ചത്.
പെരുമ്പാവൂർ ഗവ.ബോയ്സ് ഹൈസ്‌കൂളിനു സമീപം തുറന്ന ദുരിതാശ്വാസ സംഭരണകേന്ദ്രത്തിൽ സഹായവുമായി നിരവധി പേർ എത്തിയിരുന്നു. സ്വന്തം ആവശ്യമെന്നപോലെയാണ് ജനങ്ങൾ ഇക്കാര്യത്തെ കണ്ടത്, അതിനാൽതന്നെ പുതിയതും ഗുണനിലവാരവുമുള്ള സാധനങ്ങൾതന്നെ എത്തിച്ചുതന്ന് എല്ലാവരും സഹകരിച്ചു എന്ന് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പോൾ പാത്തിക്കൽ അവകാശപ്പെട്ടു.