ആലുവ: എടത്തല പഞ്ചായത്തിൽ നൊച്ചിമയിലെ ഗ്രൗണ്ട് നവീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നിൽ ഇടതു യുവജന നേതാക്കളാണെന്ന്ആരോപണം. കുണ്ടുംകുഴിയുമായി മാലിന്യം നിറഞ്ഞ് സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന സ്ഥലം മണ്ണടിച്ച് ഗ്രൗണ്ടാക്കിയിരുന്നു. ക്ലബ് സ്ഥലം വാടകക്ക് നൽകി പണം സമ്പാദിക്കുന്നുവെന്ന ആരോപണമാണ് വിവാദമായത്.

ആരോപണത്തിന് പിന്നിൽ ചരടുവലിക്കുന്നത് ഇടതുപക്ഷത്തെ രണ്ടാമത്തെ പ്രമുഖ കക്ഷിയുടെ യുവജന നേതാവാണെന്നാണ് ആരോപണം. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയുടെ യുവജന നേതാവ് പ്രസിഡന്റായ ക്ളബിനെതിരെയാണ് ആരോപണം. മാലിന്യം നിറഞ്ഞ് സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്ന എടത്തല അൽ അമീൻ കോളേജിന് സമീപത്തെ പൊതുസ്ഥലം മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കി നവീകരിച്ച ക്ളബ് പുറത്തുനിന്നും കളിക്കാനെത്തുന്നവരോട് പണം ആവശ്യപ്പെടുന്നുവെന്നാണ് ആരോപണം. മാത്രമല്ല, ഗ്രൗണ്ടിൽ നിന്നും മണ്ണ് എടുത്ത് വിൽപ്പന നടത്തിയെന്നും ആരോപിക്കുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ക്ളബ് ഭാരവാഹികൾ പറയുന്നു. ആലുവ പ്രീമയർ ലീഗ് മത്സരം നടത്തുന്നതിനായി സംഘാടകരോട് പണം ആവശ്യപ്പെട്ടെന്നായിരുന്നു ആക്ഷേപം.

എന്നാൽ തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും മത്സരം നടത്തുന്നതിന് നൊച്ചിമയിലെ ക്ളബ് സഹായം വാഗ്ദാനം ചെയ്യുകയാണ് ഉണ്ടായതെന്നും പ്രീമിയർ ലീഗ് ഭാരവാഹികൾ അറിയിച്ചതോടെയാണ് വിവാദത്തിന് പിന്നിൽ രണ്ടാമത്തെ കക്ഷി നേതാവാണെന്ന വിവരം പുറത്തായത്. വരുന്ന ത്രിതല തിരഞ്ഞെടുപ്പിൽ എടത്തല ജില്ലാ പഞ്ചായത്ത് സീറ്റ് ഉറപ്പിക്കുകയാണ് ആക്ഷേപത്തിന് പിന്നിലെന്നാണ് സൂചന. നേരത്തെ എൻ.സി.പി വിജയിച്ചിരുന്ന സീറ്റ് കഴിഞ്ഞ തവണ സി.പി.ഐക്കാണ് നൽകിയത്. എൻ.സി.പി കീഴ്മാട് സീറ്റുമായി വെച്ചുമാറുകയായിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ എൻ.സി.പി തിരിച്ച് എടത്തല സീറ്റ് ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന സൂചനകളാണ് ആരോപണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.