സർവീസ് നിറുത്തിവെക്കാനൊരുങ്ങി ബസുടമകൾ

കൊച്ചി: ജില്ലയിലെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സ്വകാര്യ ബസുകൾ അനിശ്ചിതമായി സർവ്വീസ് നിർത്തി വയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബി സുനീറും പ്രസിഡന്റ് നെൽസൺ മാത്യുവും അറിയിച്ചു. വൈറ്റില,​ തേവര,​ കച്ചേരിപ്പടി,​ കുണ്ടന്നൂർ,​ പൈപ്പ്ലൈൻ റോഡ്,​ ഫോർട്ട് കൊച്ചി ,​ ഇടപ്പള്ളി,​ പള്ളിമുക്ക്,​ കടവന്ത്ര,​ ചമ്പക്കര,​ കാലടി,​ അങ്കമാലി എന്നിവിടങ്ങളിലെ റോഡുകൾ തകർന്ന് നാശമായിട്ട് മാസങ്ങളായി. അധികാരികൾക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും ഒന്നും സംഭവിച്ചില്ല. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തിരിച്ചു വിട്ടിരുന്നുവെങ്കിലും ആ റോഡുകളിലെ സ്ഥിതിയും ദയനീയമാണ്. പല റോഡുകളിലും വൻ ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ നിരങ്ങി നീങ്ങുകയാണ്. ഗതാഗതക്കുരുക്കാണ് എല്ലായിടത്തും. കുഴിയിൽ ചാടി ബസുകളുടെ ലീഫ് ഒടിയുന്നതും നിത്യസംഭവമാണ്. ട്രിപ്പുകളും മുടങ്ങുന്നു. അറ്റകുറ്റ പണികൾക്ക് കൂടുതൽ ചെലവും സമയവും വേണ്ടി വരുന്നുവെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.