ആലുവ: സ്ഥലം കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിഡ്ജ് റോഡിൽ നടത്തിയസർവ്വേ പൂർത്തിയായി. 42 സെന്റ് സ്ഥലം കൈയേറിയതായി കണ്ടെത്തി. കഴിഞ്ഞ ജൂലായ് ഒമ്പതിന് ആദ്യഘട്ട സർവ്വേ നടന്നിരുന്നു. അവശേഷിച്ച ഭാഗം ഇന്നലെ അളന്നപ്പോൾ നിരവധി കൈയേറ്റംകണ്ടെത്തിയിട്ടുണ്ട്.
കൈയേറ്റപോയിൻറുകളിൽ കറുത്ത പെയിൻറിട്ട് മാർക്കും ചെയ്തു. അളവ് പൂർത്തിയായതായും പൊതുമരാമത്ത് വകുപ്പിന് ഉടൻ റിപ്പോർട്ട് നൽകുമെന്നും താലൂക്ക് സർവേയർ പി.എ. അഷറഫ് പറഞ്ഞു. റിപ്പോർട്ട് കിട്ടിയാലുടൻ ബന്ധപ്പെട്ട കക്ഷികൾക്ക് ഒഴിഞ്ഞുപോകാനായി നോട്ടീസ് നൽകുമെന്ന് പൊതുമരാമത്ത് ഓവർസിയർ കദീജ പറഞ്ഞു. ബ്രിഡ്ജ് റോഡിലെ റോയൽ പ്ലാസ മുതൽ മാർക്കറ്റ് റോഡിലെ സൗന്ദര്യ സിൽക്‌സ് പരിസരം വരെയാണ് സർവേ നടത്തിയത്. ഇതിൽ റോയൽ പ്ലാസ മുതൽ നൂർ പോയൻറ് വരെയുള്ള ഭാഗങ്ങളിലാണ് കൈയേറ്റമുള്ളതായി സർവേ സംഘം കണ്ടെത്തിയിട്ടുള്ളത്. ആകെ 42 സെൻറ് സ്ഥലമാണ് റോഡിന്റെ തെക്ക് ഭാഗത്ത് കൈയേറിയതായി രേഖകളിൽ കണ്ടെത്തിയിരിക്കുന്നത്. റോയൽ പ്ലാസ മുതൽ നജാത്ത് ആശുപത്രിവരെയുള്ള പ്രദേശമാണ് അളന്നത്.
ആലുവ ടൗൺ ബ്ലോക്ക് 82 സർവ്വേ നമ്പർ ഒന്ന് പ്രകാരമാണ് സ്ഥലം അളന്നത്. ആദ്യ ദിവസത്തെ സർവേയിൽ റോയൽ പ്ലാസയുടെ മതിലിലാണ് ആദ്യ മാർക്കിങ് നടത്തിയത്. അന്ന് മാർക്ക് ചെയ്ത പ്രകാരം ഒരു ലോഡ്ജ് അടക്കം രണ്ടു മൂന്ന് നില കെട്ടിടങ്ങളുടെ കാൽഭാഗം, എട്ടു വ്യാപാരശാലകൾ, സ്വകാര്യ ആശുപത്രിയുടെ കമാനം, ഒരു കെട്ടിടത്തിൻറെ സ്‌റ്റെയർകേസ് എന്നിവ പൊളിക്കേണ്ടിവരുമെന്നാണ് കണ്ടെത്തിയിരുന്നത്. ചൊവ്വാഴ്ച്ച നടന്ന തുടർ സർവേയിലാണ് വലിയൊരു ഭാഗം പൂർണമായും പുറമ്പോക്കാണെന്ന് കണ്ടെത്തിയത്. നൂർ പോയൻറിനും പറവൂർ ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിനും ഇടയിലായാണ് ഈ ഭാഗം.
വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആരംഭിച്ച കയ്യേറ്റമൊഴിപ്പിക്കൽ പാതിവഴിയിൽ നിർത്തിവെക്കപ്പെടുകയായിരുന്നു. ബൈപാസിൽ നിന്നും ബാങ്ക് കവലയിലേക്കുള്ള റോഡിൻറെ വലതുവശം മാത്രമാണ് സർവ്വേ നടത്തിയത്. റോഡിന് എതിർവശം അര ഏക്കറോളം റവന്യു പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നവർ ഉൾപ്പെടെയുണ്ട്. എന്നാൽ, ആദ്യഘട്ടത്തിൽ റോഡിലെ കൈയേറ്റം മാത്രമാണ് പരിശോധിക്കുന്നത്. സി.പി.ഐ നേതാവായിരുന്ന കെ.ജെ.ഡൊമിനിക്ക് നൽകിയ പരാതിയാണ് വിഷയം വീണ്ടും സജീവമാക്കിയിരിക്കുന്നത്.