ആലുവ: ദേശീയപാതയിൽ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് മുമ്പിലെ കൈവരിയിൽ നിയന്ത്രണം വിട്ട കാർ തുളച്ചുകയറി. നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട കാറിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടം. കാർ ഓടിച്ച ഫോർട്ടുകൊച്ചി കുന്നുംപുറം കോതകത്തിൽ റിസ്വാനെ(36) പിന്നാലെ വന്ന വാഹനയാത്രക്കാർ പാലാരിവട്ടം റിനൈമെഡിസിറ്റിയിൽ എത്തിച്ചു. ഇയാൾ വൈകിട്ടോടെ ആശുപത്രി വിട്ടു.
ആലുവ ഭാഗത്ത് നിന്നും കളമശേരിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മെട്രോ സ്റ്റേഷന് മുമ്പിൽ നടപ്പാതയോട് ചേർന്നുള്ള സ്റ്റീൽ പൈപ്പിലൂടെ തുളച്ച് കയറുകയായിരുന്നു. മുൻവശത്തെ ഇടത് ചക്രത്തിന് മുകളിലൂടെ കയറിയ സ്റ്റീൽ പൈപ്പുകൾ മുൻവശത്തെ ബക്കറ്റ് സീറ്റുകൾക്കിടയിലൂടെ പിൻസീറ്റും ബോഡിയുമെല്ലാം തുളച്ച് നാലടിയോളം പുറത്തേക്കെത്തി. കുഴിയിൽ മഴവെള്ളം കെട്ടികിടന്നപ്പോൾ കാർ വെട്ടിച്ചതാണ് അപകടകാരണം. രാവിലെ മുതൽ അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രമെടുക്കാൻ മൈബൈലുകളുമായി ആളുകൾ തടിച്ചുകൂടി.
തോളിലുരുമി പൈപ്പുകൾ,
റിസ്വാൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
ആലുവ: നടപ്പാതയിലെ സ്റ്റീൽ കൈവരി ശരവേഗത്തിൽ കാറിലേക്ക് തുളച്ചുകയറിയപ്പോൾ വാഹനം ഓടിച്ചിരുന്ന റിസ്വാൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇടത് തോളിൽ തൊട്ടുരുമി പൈപ്പുകൾ പാഞ്ഞത് പറയുമ്പോൾ റിസ്വാന്റെ മനസിലെ ഭീതി വിട്ടൊഴിയുന്നില്ല. യഥാർത്ഥത്തിൽ പുനർജന്മമാണെന്ന് റിസ്വാൻ 'കേരളകൗമുദി'യോട് പറഞ്ഞു.
കടവന്ത്രയിൽ ഐ.സി.ഐ.സി.ഐ ബാങ്കിൽ ജീവനക്കാരനായ റിസ്വാൻ ബന്ധുവുമൊത്ത് ബംഗളുരുവിൽ സ്ഥലം പാട്ടത്തിനെത്ത് വാഴ - പച്ചമുളക് കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച പാർട്ടണറും ബന്ധവുമായ ഷെമീറുമൊത്താണ് സുഹൃത്തിന്റെ വാഹനം വാങ്ങി ബംഗളുരുവിലേക്ക് തിരിച്ചത്. ഷെമീർ അടുത്ത ദിവസം ബസ് മാർഗം മടങ്ങി. തിങ്കളാഴ്ച്ച രാത്രിയാണ് റിസ്വാൻ തനിച്ച് യാത്ര തിരിച്ചത്. വഴിയരികിൽ കാർ നിർത്തിയിട്ട് കുറച്ചുനേരം ഉറങ്ങുകയും ചെയ്തു. അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് മുമ്പിൽ വെള്ളം നിറഞ്ഞ കുഴി ഒഴിവാക്കാൻ വെട്ടിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
താൻ മാത്രമല്ല, നേരത്തെ മടങ്ങിയ ഷെമീറും ഭാഗ്യവാനാണെന്ന് റിസ്വാൻ പറയുന്നു. മറ്റൊരാൾ കൂടി വാഹനത്തിൽ ഉണ്ടായിരുന്നെങ്കിൽ ജീവൻ നഷ്ടമായേനെ.
കളമശേരി മെട്രോ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 1,04,000 രൂപയുടെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.