കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റാർട്ടപ്പുകളെ സൃഷ്ടിക്കാൻ ബഹുരാഷ്ട്ര ഇലക്ട്രോണിക് ഭീമനായ ക്വാൽകോമും മേക്കർ വില്ലേജും കൈകോർക്കുന്നു. ഇലക്ട്രോണിക് ഹാർഡ് വെയർ സ്റ്റാർട്ടപ്പുകളെ വളർത്താൻ കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി. വകുപ്പുമായി ക്വാൽകോം ഇന്ത്യ ഒപ്പിട്ട ധാരണാപത്രമനുസരിച്ചാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി ആറംഗ ക്വാൽകോം സംഘം മേക്കർ വില്ലേജ് സന്ദർശിച്ചു. പരിശീലന കളരികൾ, വ്യക്തിഗത ചർച്ചകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. അടുത്ത ആറു മാസം കൊണ്ട് നാലു ഘട്ടമായി പൂർത്തിയാക്കുന്ന പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് ഹാർഡ് വെയർ സ്റ്റാർട്ടപ്പുകളുടെ സമസ്ത മേഖലകളിലും ക്വാൽകോമിന്റെ പിന്തുണ ലഭിക്കും. മൂന്നു വിഭാഗങ്ങളിൽ 15 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുക്കുന്നത്. കോളജ് വിദ്യാർത്ഥികളുടെ അഞ്ച്, മേക്കർ വില്ലേജിൽ ഇൻകുബേറ്റ് ചെയ്ത അഞ്ച്, വ്യാവസായികമായി പ്രവർത്തിക്കുന്ന അഞ്ച് എന്നിങ്ങനെയാണ് സ്റ്റാർട്ടപ്പുകളുടെ തിരഞ്ഞെടുപ്പ്.
സംരംഭങ്ങളുടെ ആശയം, മാതൃക, ഉത്പന്നം, ബൗദ്ധിക സ്വത്തവകാശ സംരംക്ഷണം, ഉത്പന്ന രൂപരേഖ, വിപണനം തുടങ്ങിയവയിൽ ക്വാൽകോം പിന്തുണ നൽകും. ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാകുമ്പോൾ കേരളത്തിൽ നിന്ന് ആഗോള നിലവാരത്തിലുള്ള അഞ്ച് സ്റ്റാർട്ടപ്പുകളെയെങ്കിലും യാഥാർത്ഥ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യമെന്ന് ക്വാൽകോം ഇന്ത്യയുടെ ഇൻകുബേഷൻ അസോസിയേറ്റ് ഡയറക്ടർ പുഷ്‌കർ ആപ്‌തെ, മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ നായർ എന്നിവർ പറഞ്ഞു.
ക്വാൽകോം സീനിയർ ഡയറക്ടർ രമേഷ് റാവു, പ്രിൻസിപ്പൽ എൻജിനീയർ കിരൺ ചിക്കപ്പ, പേറ്റൻറ് കൗൺസൽ പ്രകാശ് ബേലെകുന്ദ്രി, സീനിയർ സ്റ്റാഫ് ഐ.പി എൻജിനീയർ ഹേമാങ് ഷാ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.