കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വൈദികരുമായും കാനോനിക സമിതികളുമായും സീറോ മലബാർ സഭയുടെ സിനഡിൽ ചർച്ച നടത്താമെന്ന ഉറപ്പ് ബിഷപ്പുമാർ പാലിക്കാത്തതിൽ വൈദികരുടെയും വിശ്വാസികളുടെയും യോഗം പ്രതിഷേധിച്ചു. അതിരൂപതയുടെ ഭരണാധികാരത്തിൽ നിന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഒഴിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട് വൈദികർ ഉന്നയിച്ച പ്രശ്നങ്ങൾ സിനഡിൽ അവതരിപ്പിച്ച് പരിഹരിക്കുമെന്ന് ബിഷപ്പുമാർ ഉറപ്പുനൽകിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു. സിനഡ് നടക്കുമ്പോൾ വൈദികരെ ചർച്ചയ്ക്ക് വിളിക്കാമെന്നും അറിയിച്ചിരുന്നു. സിനഡ് ദിവസങ്ങൾ പിന്നിട്ടെങ്കിലും വൈദികരെയും കാനോനിക സമിതികളെയും ചർച്ചയ്ക്ക് വിളിക്കാത്തത് സ്വഭാവിക നീതി നിഷേധമാണ്.
അതിരൂപതയിൽ കണ്ടെത്തിയ സത്യങ്ങൾക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് വൈദികരെയും അൽമായരെയും ബലികൊടുക്കാൻ ശ്രമിക്കുന്നത്. ധാർമ്മികപോരാട്ടത്തിൽ സത്യവും നീതിയും ജയിക്കുമെന്നാണ് പ്രതീക്ഷ. ഉയർത്തിയ നിലപാടുകളിൽ വെള്ളം ചേർക്കാൻ തയ്യാറാകില്ല. സ്ഥലമിടപാടിൽ കർദ്ദിനാളും കൂട്ടാളികളും സഭയുടെ നിയമങ്ങളും രാജ്യത്തിന്റെ നിയമങ്ങളും നഗ്നമായി ലംഘിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാൻ സിനഡ് കർദ്ദിനാളിനോട് ആവശ്യപ്പെടണം. അതിരൂപത അംഗമായ ബിഷപ്പിനെ പകരം സമ്പൂർണ അധികാരങ്ങളോടെ നിയമിക്കണം.
കാരണം കാണിക്കാതെ പുറത്താക്കിയ സഹായ ബിഷപ്പുമാരെ അധികാരങ്ങളോടെ പുന:സ്ഥാപിക്കണം. സസ്പെൻഷന്റെ കാരണം വിശ്വാസികളെ ബോദ്ധ്യപ്പെടുത്താൻ സിനഡ് തയ്യാറകണം. സഭയുടെ സാമ്പത്തിക ഇടപാടുകളിലുൾപ്പെടെ വിശ്വാസികൾക്ക് പങ്കാളിത്തം ലഭിക്കുന്ന സംവിധാനങ്ങൾ രൂപീകരിക്കണം. വത്തിക്കാൻ ആവശ്യപ്പെട്ടതുപോലെ വിശ്വാസികൾക്ക് സഭാ ഭരണത്തിൽ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ഫാ. ജോസ് വൈലിക്കോടത്ത്, ഫാ. സെബാസ്റ്റ്യൻ തളിയൻ, ബിനു ജോൺ, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, ജോമോൻ തോട്ടപ്പള്ളി, ഷിജോ മാത്യു എന്നിവർ പങ്കെടുത്തു.