ചെറായി : നിരോധിച്ച പെലാജിക് വലകൾ നിയമം ലംഘിച്ചുംമത്സ്യബന്ധന ബോട്ടുകൾ ഉപയോഗിക്കുന്നത് തടയാൻ മുനമ്പത്ത് ചേർന്ന മുനമ്പം മത്സ്യ സംരക്ഷണ സമിതി തീരുമാനിച്ചു.അടുത്തമാസം ഒന്നുമുതൽ ഈ വലകൾ ഉപയോഗിക്കാൻ പാടില്ല. തീരുമാനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇപ്പോൾ കടലിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ബോട്ടുകളുൾപ്പെടെ പെലാജിക് വല ഉപയോഗിക്കുന്ന എല്ലാ ബോട്ടുകളും ഒന്നാംതിയതിക്ക് മുമ്പായി കരക്കടുത്ത് വലകൾ ബോട്ടിൽ നിന്നും ഇറക്കണം. മാത്രമല്ല ഒന്നാം തിയതി മുതൽ പെലാജിക് വല ഉപയോഗിച്ച് പിടിച്ചുകൊണ്ട് വരുന്ന മത്സ്യങ്ങൾ ഹാർബറിൽ ഇറക്കി വിൽപ്പന നടത്താനും അനുവദിക്കില്ല. മുനമ്പത്ത് പെലാജിക് വല ഉപയോഗിച്ച് രണ്ട് ബോട്ടുകൾ ചേർന്ന് പെയർ ട്രോളിംഗ് നടത്തി വ്യാപകമായി ചെറുമത്സ്യങ്ങളെ പിടികൂടി ഹാർബറിലെത്തിക്കുന്നത് പതിവായ സാഹചര്യത്തിലാണ് തീരുമാനം. യോഗത്തിൽ സമിതി ചെയർമാൻ പി.ജെ. ആൻസിലി അദ്ധ്യക്ഷത വഹിച്ചു.സി.എസ്.ശൂലപാണി. ബോട്ടുടമാസംഘം കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.പി. ഗീരീഷ്, എം.ജെ. ടോമി, കെ.ബി. രാജീവ്, പി.ആർ. വിൻസി, സുധാസ് തായാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.