കൊച്ചി: മെട്രോ മഹാരാജാസ് സ്റ്റേഷനിൽ നിന്ന് തൈക്കൂടത്തേക്ക് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർണ്ണായക സുരക്ഷാപരിശോധന വെള്ളിയാഴ്ച്ച ആരംഭിക്കും. മെട്രോ റെയിൽ സേഫ്ടി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. ഇവർ പച്ചക്കൊടി കാട്ടിയാൽ മെട്രോ തൈക്കൂടത്തിലേക്ക് കുതിക്കും. വെള്ളിയാഴ്ച്ച ആരംഭിച്ച് ശനിയാഴ്ച്ച അവസാനിക്കുന്ന രീതിയിലാണ് പരിശോധന നടപടി ക്രമീകരിച്ചിരിക്കുന്നതെന്ന് കെ.എം.ആർ.എൽ വാർത്തകുറിപ്പിൽ പറയുന്നു. മഹാരാജാസ് കോളജ് സ്റ്റേഷൻ മുതൽ തൈക്കൂടംവരെ 5.65 കിലോമീറ്റർ ദൂരത്തിലെ മെട്രോ സംവിധാനത്തിലെ സുരക്ഷാക്രമീകരണമാണ് ആദ്യാവസാനം പരിശോധിക്കുന്നത്. ട്രാക്ക്, സിഗ്‌നലിംഗ് തുടങ്ങിയവയ്ക്ക് പുറമേ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളും വിശദമായി പരിശോധിക്കും.
മെട്രോ തൂണുകളുടെയും സ്റ്റേഷൻ നിർമാണത്തിന്റെയും നിലവാരമുൾപ്പെടെ സിവിൽ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാക്കുകളുടെ ബലവും ഗുണനിലവാരവും പ്രത്യേകമായി പരിശോധിക്കും. ലിഫ്ടുകളുടെയും എസ്‌കലേറ്ററുകളുടെയും പരിശോധന ഇലക്ട്രിക്കൽ വിഭാഗത്തിലാണ് നടക്കുക. പ്ലാറ്റ്‌ഫോമിലെയും സ്റ്റേഷനുകൾക്കുള്ളിലെയും സിഗ്‌നൽ സംവിധാനങ്ങളും വിശദമായി പരിശോധിക്കും. മെട്രോ റെയിൽ സേഫ്ടി കമ്മിഷ്ണറിൽ നിന്ന് അനുമതി വേഗത്തിൽ ലഭ്യമാകുമെന്നാണ് കെ.എം.ആർ.എല്ലിന്റെ പ്രതീക്ഷ. നേരത്തെ ഈ ഭാഗങ്ങളിലൂടെയുള്ള ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. സുരക്ഷാ അനുമതി ലഭിച്ചാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മെട്രോ തൈക്കൂടത്തേക്ക് സർവീസ് ഔദ്യോഗികമായി ആരംഭിക്കും.