കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റിൽ അനുവദിച്ച തുക തടയാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി മദ്ധ്യമേഖലാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഡ്ജറ്റിൽ അനുവദിക്കുന്ന തുക എങ്ങനെയെങ്കിലും കൊടുക്കാനായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്. ബില്ലുകൾ മുടക്കുക എന്ന ലക്ഷ്യത്തോടെ ഈ സർക്കാർ ട്രഷറി നിയന്ത്രണം കൊണ്ടുവരികയാണ്. പദ്ധതികൾ പലതും ഈ വിധത്തിൽ പാഴാക്കുന്നു.
ഇടത് സർക്കാർ ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കുന്നില്ല. അതിന് തെളിവാണ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെയും വില്ലേജ് ഓഫീസറേയും ഏൽപിച്ചത്. യു.ഡി.എഫ് സർക്കാർ അഞ്ച് വർഷം ബഡ്ജറ്റിൽ വച്ച ഒരു രൂപ പോലും പിടിച്ചുവച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യങ്ങൾ അതാത് സമയത്ത് തീരുമാനങ്ങളെടുത്ത് മുമ്പോട്ട് കൊണ്ടുപോകാൻ മുൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എം.എൽ.എമാരായ കെ.സി ജോസഫ്, എൽദോസ് കുന്നപ്പിള്ളി , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ, ജമാൽ മണക്കാടൻ, ആശ സനൽ, എൻ.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.