കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വഴിതെളിഞ്ഞ സാഹചര്യത്തിൽ വിവാദങ്ങളിൽ നിന്ന് ബന്ധപ്പെട്ട സമിതികൾ വിട്ടുനിൽക്കണമെന്ന് സീറോ മലബാർ സഭാ സിനഡ് ആവശ്യപ്പെട്ടു.
അനവസരത്തിലെ പ്രസ്താവനകൾ സഭയെ പൊതുസമൂഹത്തിൽ അവഹേളിക്കും. സഭയുടെ നന്മ ലക്ഷ്യമാക്കി ഒരുമനസോടെ പ്രാർത്ഥിക്കാനും സഹകരിച്ചു പ്രവർത്തിക്കാനും വിശ്വാസികളോട് സിനഡ് അഭ്യർത്ഥിച്ചു.
സിനഡ് സമ്മേളനസമയം മുഴുവനും എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തത്. അതിരൂപതയിലെ വിവിധ സമിതികൾ ഉന്നയിച്ച വിഷയങ്ങൾ ബിഷപ്പുമാർ പരിശോധിക്കുകയാണ്. അതിരൂപതയുടെ നന്മയെ ലക്ഷ്യമാക്കി വത്തിക്കാന്റെ അനുമതിയോടെ ഉചിതമായ തീരുമാനങ്ങൾ സിനഡ് എടുക്കും. പ്രശ്‌നങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് ബിഷപ്പുമാർക്ക് വ്യക്തമായ ബോധ്യമുണ്ട്. ഇതു സംബന്ധിച്ച നിലപാട് സിനഡിന് ശേഷം വ്യക്തമാക്കുമെന്ന് സഭാ മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂർ അറിയിച്ചു.