കൊച്ചി:എസ്.ബി.ഐ അക്കൗണ്ടിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 2,57,000 രൂപ തട്ടിയെടുത്ത കേസിൽ പശ്ചിമബംഗാൾ ഹാല്‍ദിയ സ്വദേശികളായ അമിതാഭ മല്ലിക്ക് (30),സഹോദരനും കമ്പ്യൂട്ടർ വിദ്യാർത്ഥിയുമായ അരുണാഭ മല്ലിക്ക് (19) എന്നിവരെ കൊച്ചി സൈബർ സെൽ പിടികൂടി. ആലപ്പുഴ പൂച്ചാക്കൽ സ്വദേശി പ്രവീണിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് തട്ടിപ്പ് നടന്നത്. എസ്.ബി.ഐയുടെ അരൂർ, മട്ടാഞ്ചേരി ബ്രാഞ്ചുകളിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും ഇന്റർനെറ്റ് ബാങ്കിംഗിലെ പ്രശ്‌നമാണ് പണം നഷ്ടപ്പെടാൻ കാരണമെന്ന നിഗമനത്തിലെത്തി.
ഓൺലൈൻ വ്യാപാരസൈറ്റായ സ്‌നാപ്പ്ഡീലിലേയ്ക്കാണ് പോയിരുന്നത്.
ഇന്റർനെറ്റ് ബാങ്കിംഗിലൂടെ ഓഫർ ചെയ്യുന്നതിനിടയിൽ പ്രവീണിന്റെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും ഒ.ടി.പി പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തുമാണ് അക്കൗണ്ടിൽ നിന്നും പ്രതികൾ പണം പിൻവലിച്ചത്. ഓൺലൈൻ മണി ഇടപാടിലൂടെ ഓൺലൈൻ വ്യാപാരസൈറ്റുകളുടെ ഗിഫ്റ്റ് വൗച്ചറുകൾ പ്രതികൾ വാങ്ങിക്കൂട്ടി.
പശ്ചിമബംഗാളിലെ ഹാൽദിയയിലെ പ്രതികളുടെ വീട്ടിലെത്തിയാണ് കൊച്ചി റേഞ്ച് സൈബർ എസ്.ഐ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 28 മൊബൈൽ ഫോൺ സിംകാർഡുകളും പിടിച്ചെടുത്തു. ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറിന്റെ മേൽനോട്ടത്തില്‍ സൈബർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.