കോലഞ്ചേരിയിൽ ആരോഗ്യ വിഭാഗം പരിശോധന
കോലഞ്ചേരി: കോട്ടൂർ പാറേക്കാട്ടിക്കവലയിലെ കോൾഡ് സ്റ്റോറേജിൽ പുത്തൃക്ക ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ആഴ്ചകൾ പഴകിയ 45 കിലോ മാംസം പിടിച്ചെടുത്തു നശിപ്പിച്ചത്. മാസങ്ങളായി ശുചീകരണം നടത്താതെ അഴുകിയ മാംസ മാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടി രോഗാണു സംക്രമണ സാദ്ധ്യതയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള ഫ്രീസറിലാണ് മാംസംസൂക്ഷിച്ചിരുന്നത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല. നാല് ഹോട്ടലുകളിൽ നിന്നും വില്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിലായി 30 തൊഴിലാളികളെ പരിശോധിച്ചതിൽ 16 പേരും ഹെൽത്ത് കാർഡ് ഇല്ലാതെയാണ് ഭക്ഷണം കൈകാര്യം ചെയ്തിരുന്നത് . ത്വക് രോഗവുമായി പാചകവൃത്തിയിലേർപ്പെട്ടിരുന്ന മൂന്ന് പേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കി. നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ട ടൗണിലെരണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തി.
. കാലഹരണപ്പെട്ട ലൈസൻസുമായി പ്രവർത്തിക്കുക, മാസങ്ങളായി അടുക്കള ശുചിയാക്കാതിരിക്കുക, മാലിന്യസംസ്‌കരണസംവിധാനം ഇല്ലാതിരിക്കുക, പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാതിരിക്കുക എന്നീ പോരായ്മകൾ പരിഹരിക്കുന്നതിനു വേണ്ടി എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നോട്ടീസ് കാലാവധി ക്കുശേഷം ഈ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ വീണ്ടും വിലയിരുത്തൽ പരിശോധന നടത്തും.
പൂത്തൃക്ക ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ.സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ.സതീഷ്‌കുമാർ, കെ.കെ.സജീവ്, എസ്.നവാസ്, പി.എസ്. ലിസി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഭക്ഷണപാനീയ വില്പന കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജേക്കബ് അറിയിച്ചു.
ത്വക് രോഗവുമായി പാചകവൃത്തിയിലേർപ്പെട്ടത് മൂന്ന് പേർ
ഹെൽത്ത് കാർഡില്ലാതെ താെഴിലാളികൾ