ഓണത്തിന് കൂടുതൽ പഴവർഗങ്ങൾ.

ഓറഞ്ചിന്റെയും മുന്തിരിയുടെയും സീസൺ തുടങ്ങും.

ആപ്പിളിനെ കാശ്മീരിലെ പ്രശ്നങ്ങൾ ബാധിക്കും

ആപ്പിൾവില കിലോ150, 200 രൂപ

ഓറഞ്ച് . 70-75 രൂപ

കൊച്ചി: പഴക്കൊതിയന്മാർ ഒരാഴ്ച കൂടി കാത്തിരുന്നാൽ മതി. ആപ്പിളും മുന്തിരിയും ഓറഞ്ചുമെല്ലാം ഓണത്തോടെ വിപണിയിൽ സുലഭമാകും. രണ്ടു മാസമായി പഴവർഗങ്ങൾക്ക് അത്ര നല്ലകാലമായിരുന്നില്ല. എണ്ണിത്തീർക്കാവുന്നയത്ര നാടൻ പപ്പായയും പൈനാപ്പിളും ആപ്പിളും തണ്ണിമത്തനും മാത്രമേ കടകളിലുണ്ടായിരുന്നുള്ളൂ. സെപ്തംബറോടെ കഥ മാറും. ഇപ്പോഴുള്ളതിലേറെ ആപ്പിളുകളെത്തും. ഓറഞ്ചിന്റെയും മുന്തിരിയുടെയും സീസൺ തുടങ്ങും. ഒപ്പം നാടൻ പഴവർഗ്ഗങ്ങൾ വേറെയും. ഫ്രൂട്ട്സ് സ്റ്റാളുകളിൽ പഴവർഗങ്ങളുടെ കുഞ്ഞുപ്രളയമാകുമെന്ന് ചുരുക്കം.

ഹിമാചൽപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും സിംലയിലും നിന്നുള്ള ആപ്പിളുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. മറയൂരിലും കാന്തല്ലൂരിലും നിന്ന് ഈയാഴ്ച മുതൽ സ്വാദിഷ്‌ഠമായ നാടൻ ആപ്പിളുമെത്തും. ഒരു പെട്ടി ആപ്പിളിന് 1500 മുതൽ 2500 രൂപ വരെയാണ് മൊത്ത വിപണിയിലെ വില. ഒരു പെട്ടിയിൽ ശരാശരി 25 കിലോ ആപ്പിളുണ്ടാവും. ഗുണനിലവാരം അനുസരിച്ച് 50 മുതൽ 100 വരെയാണ് എറണാകുളം മാർക്കറ്റിലെ വില. ചില്ലറ വിപണിയിൽ ഇത് 150, 200 രൂപ വരെയാവും. ജനുവരി വരെയാണ് സീസൺ. കീടനാശിനികൾ അടിച്ചിരിക്കുമെന്ന ഭയമില്ലാതെ ധൈര്യമായി കഴിക്കാമെന്ന് കച്ചവടക്കാരുടെ ഉറപ്പ്.

 ഓറഞ്ച് എത്തിത്തുടങ്ങി

മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ നിന്ന് ഓറഞ്ച് എത്തിത്തുടങ്ങി. 70-75 രൂപയാണ് വില. അടുത്ത ആഴ്ചയോടെ ഓറഞ്ചുമായി കൂടുതൽ ട്രക്കുകൾ എത്തുമെന്ന് കച്ചവടക്കാർ പറഞ്ഞു. മുന്തിരിക്കാലവും അടുത്ത മാസം തുടങ്ങും.

 കാശ്മീരി ആപ്പിളിന് കാത്തിരിക്കണം

ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കാശ്മീരിൽ നിന്ന് ഇത്തവണ ആപ്പിൾ എത്തുമോയെന്ന ആശങ്കയിലാണ് പഴം കച്ചവടക്കാർ. സെപ്തംബറിലാണ് സാധാരണ ഗതിയിൽ കാശ്മീർ ആപ്പിൾ വിപണി യിൽസജീവമാകുന്നത്.

എല്ലാവർഷവും ഈ സീസണിൽ കേരളത്തിലെ ഓരോ മൊത്തക്കച്ചവട സ്ഥാപനത്തിലേക്കും ദിനംപ്രതി ഒരു ലോഡ് ആപ്പിൾ അവിടെ നിന്ന് എത്തിയിരുന്നു. ഇപ്പാേൾ യാതൊരു വിവരവും ലഭിക്കുന്നില്ല. വൈകിട്ട് ഒരു മണിക്കൂർ നേരത്തേക്ക് മാർക്കറ്റ് പ്രവർത്തിക്കുന്നതായി കാശ്‌മീരിലെ കച്ചവടക്കാർ പറഞ്ഞതായി പഴവർഗ മൊത്തകച്ചവടക്കാരനായ അഷ്റഫ് പറഞ്ഞു.

ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും ഉത്‌പാദിപ്പിക്കുന്നത് കാശ്മീരിലാണ്. രാജ്യത്തെ 0.31 മില്യൺ ഹെക്ടർ ആപ്പിൾ കൃഷിയിൽ 0.16 മില്യൺ കാശ്മീരിലാണ്. എന്നാൽ കൃഷി ചെയ്യുന്ന അത്രയും ആപ്പിൾ സൂക്ഷിക്കാനുള്ളസൗകര്യംസംസ്ഥാനത്തില്ല. വിളവെടുക്കാനോ കച്ചവടം നടത്താനോ കഴിയാതെ വന്നാൽ കാർഷിക മേഖല തളരും. ഇത് മറ്റു സംസ്ഥാനങ്ങളിൽ വിലക്കയറ്റത്തിന് വഴിയൊരുക്കും.