michabhumi
മുളവൂർ വില്ലേജിലെ മാനാറിയിൽ ഭൂരഹിതർക്ക് വർഷങ്ങൾക്ക് മുമ്പ് നൽകിയ മിച്ചഭൂമി കാട് കയറികിടക്കുന്നു

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ മാനാറിയിൽ വർഷങ്ങൾക്കുമുമ്പ് സർക്കാർ വിതരണം ചെയ്ത മിച്ചഭൂമി കാട് കയറി കിടക്കുന്നു. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ തന്നെ നൂറുകണക്കിന് ആളുകളാണ് സ്ഥലം, വീട് എന്നിവയ്ക്ക് സർക്കാർ സഹായത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. മാനാറിയിലെ ഒരു പ്ളോട്ടിൽ 65കുടുംബങ്ങൾക്കും, മറ്റൊരു പ്ളോട്ടിൽ 58കുടുംബങ്ങൾക്കും നാല് സെന്റ് ഭൂമി വീതമാണ് നൽകിയത്.എന്നാൽ ഇവിടെ താമസിക്കുന്നത്പത്ത് പേർ മാത്രം. എട്ട് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലം കാട് കയറി ഇഴ ജന്തുക്കളുടെ താവളമായി.. പട്ടയം നൽകിയ സമയത്ത് ഭൂമിയുള്ളവർക്കാണ് മിച്ചഭൂമി ലഭിച്ചതെന്ന ആരോപണം ഉയർന്നിരുന്നു.ഭൂമി കൈപ്പറ്റിയവർ ആരെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും സമീപ വാസികൾക്ക് പോലും അറിയാൻ കഴിയാത്ത അവസ്ഥയാണ്. മിച്ചഭൂമി ലഭിച്ച് 25വർഷം കഴിഞ്ഞാൽ മാത്രമേ മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യുന്നതിനോ, വിൽക്കുന്നതിനോ കഴിയൂ. ഇതിനായി കാത്തിരിക്കുകയാണ് അനർഹമായി ഭൂമി കൈപ്പറ്റിയവരെന്ന ആരോപണവും ഉയരുന്നുണ്ട്. മാനാറി മിച്ചഭൂമി വിഷയം മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗത്തിൽചർച്ചയായിരുന്നു.അന്വേഷണം നടത്തി ഭൂമി ഇനിയും ഉപയോഗിക്കാത്തവരെ കണ്ടെത്തി തിരിച്ച് പിടിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിന് തീരുമാനിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് പായിപ്ര ഗ്രാമപഞ്ചായത്ത് ഹാളിൽ മിച്ചഭൂമി ലഭിച്ച ഗുണഭോക്താക്കളുടെ യോഗം വിളിച്ചിരുന്നു. ഭൂമി ലഭിച്ചവരോട് രേഖകളുമായി മൂവാറ്റുപുഴ തഹസീൽദാർ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. മിച്ചഭൂമി ലഭിച്ച 30പേരാണ് എത്തിയത്. ഇതിൽ 26പേരാണ് രേഖകളുമായി എത്തിയത്. ബാക്കിയുള്ളവർ രേഖകൾ ഹാജരാക്കിയിട്ടില്ല.വീടില്ലാത്തവർക്ക് വീടുവച്ച് നൽകുന്ന ലൈഫ് ഭവന പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്