കൊച്ചി : കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ വിധി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ മൻസാര ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് ഉടമ എൻ. സോമന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറം മൂന്നുവർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ കരുമാലൂർ ലക്ഷ്മി വിലാസത്തിൽ രാധാ ഹരിഹരന്റെ ഹർജിയിലാണ് ഫോറം പ്രസിഡന്റ് ചെറിയാൻ. കെ. കുര്യാക്കോസ്, അംഗം വി. രാമചന്ദ്രൻ എന്നിവരടങ്ങിയ സമിതി ശിക്ഷ വിധിച്ചത്.
ഫ്ളാറ്റ് നിർമ്മാണത്തിനായി മൻസാര ബിൽഡേഴ്സിന് പണം നൽകിയിട്ടും ജനറേറ്റർ, ലിഫ്റ്റ് സൗകര്യം, അഗ്നിശമനോപാധികൾ തുടങ്ങിയവ ഒരുക്കിയില്ലെന്നാരോപിച്ച് രാധാ ഹരിഹരൻ ഫോറത്തെ സമീപിച്ചിരുന്നു. തുടർന്ന് ഇൗ സൗകര്യങ്ങൾ ഒരുക്കാനും വീഴ്ച വരുത്തിയാൽ ഒമ്പതുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർമ്മാണ കമ്പനിക്ക് ഫോറം നിർദ്ദേശം നൽകി. ഇതു സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ശരിവച്ചു. എന്നിട്ടും വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാധാഹരിഹരൻ ജില്ലാ ഫോറത്തെ സമീപിച്ചത്. മൻസാര ബിൽഡേഴ്സ് നിശ്ചിത തുക കെട്ടിവച്ച് നൽകിയ അപ്പീൽ അനുവദിച്ച് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്.