തൃക്കാക്കര : ഓഫീസുകളിലെ മാലിന്യ നിർമാർജ്ജനത്തിൽ മാതൃകാപരമായ പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഓഫീസുകളിൽ ബയോ ഡൈജസ്റ്റർ പോട്ട് സ്ഥാപിക്കും.ഇതു സംബന്ധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ഓഫീസുകളിലെ ജൈവ - അജൈവ മാലിന്യങ്ങൾ കൃത്യമായി വേർതിരിക്കുകയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കമ്പോസ്റ്റാക്കുകയും ചെയ്യാനാണ് വിവിധ വകുപ്പു മേധാവികൾക്ക് നിർദേശം. ഓഫീസുകളിൽ ബയോ ഡൈജസ്റ്റർ പോട്ട് സ്ഥാപിച്ചാണ് കമ്പോസ്റ്റ് നിർമാണം. ഇതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായവും ശുചിത്വ മിഷനിൽ നിന്നും ലഭിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഹരിതചട്ടപാലനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റുകയും ഓഫീസിൽ വളർത്തുന്ന ചെടികൾക്ക് വളമായി നൽകുകയും ചെയ്യുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഓഫീസിലും കമ്പോസ്റ്റ് നിർമിച്ചു വരുന്നു. ഈ മാതൃക മറ്റ് ഓഫീസുകളും പിന്തുടരാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. .ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എച്ച്.ഷൈൻ, അസി. കോ ഓർഡിനേറ്റർ സി.കെ.മോഹനൻ, റിസോഴ്സ് പേഴ്സൺ രമ്യ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ഓഫീസുകളിൽ ബയോ ഡൈജസ്റ്റർ പോട്ട് സ്ഥാപിക്കാൻ 2,500 രൂപയോളം ചെലവു വരും. ഇത് ഓഫീസുകളിലെ മറ്റു ചെലവുകളിൽ നിന്നും മാറിയെടുക്കാം.
കളക്ടറേറ്റിലെ 17 ഓഫീസുകളിൽ ഇതിനകം പോട്ട് സ്ഥാപിച്ചു കഴിഞ്ഞു.