galin-paravur
പാരീസ് ബ്രെസ്റ്റ് സൈക്ളിംഗിൽ യോഗ്യത നേടിയ ഗലിൻ എബ്രഹാം.

പറവൂർ: സൈക്ലിംഗിലെ ഒളിമ്പിക്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിലെപാരീസ് ബ്രെസ്റ്റ് സൈക്ലിംഗ് മാരത്തണിൽ 90 മണിക്കൂർ മത്സരത്തിൽ നിശ്ചിതസമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കിയകേരളത്തിൽ നിന്നുള്ള മൂന്നുപേരിലൊരാളായ പറവൂർ ഈരാളിൽ ഗലിൻ എബ്രഹാം നാട്ടിൽ തിരിച്ചെത്തി. ഫ്രാൻസിലെ പാരീസ് റാസുലേയിൽ നിന്നും ആരംഭിച്ച് തുറമുഖ നഗരമായ ബ്രെസ്റ്റ്‌വരെയുള്ള 610 കിലോ മീറ്റർ താണ്ടി തിരികെ പാരീസിലെത്തുന്നതാണ് പി.ആർ.പി സൈക്ലിംഗ് മാരത്തൺ എന്നറിയപ്പെടുന്ന മത്സരം. മലയാളികളായ പതിമൂന്നു പേരടക്കം ഇന്ത്യയിൽ നിന്നും 310 പേർ ഉൾപ്പെടെ 6,300പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് ഇനങ്ങളിലായി നിശ്ചിതസമയ പരിധിക്കുള്ളിൽ പൂർത്തിയാക്കിയതിൽ മൂന്ന് മലയാളികൾ മാത്രമാണ് ഉൾപ്പെട്ടത്. ഗലിൻ എബ്രഹാം 86 മണിക്കൂർ 20 മിനിറ്റ് കൊണ്ട് ലക്ഷ്യം പൂർത്തിയാക്കി. പറവൂർ ബൈക്കേഴ്‌സ് അംഗമായ ഗലിനെ കൂടാതെ കൊച്ചിയിൽ ബൈക്കേഴ്‌സ് അംഗങ്ങളായ കെ ഡി. ലജു, ഫെലിക്‌സ് അഗസ്റ്റിൻ എന്നിവരാണ് 90 മണിക്കൂറിനുള്ളിൽ ലക്ഷ്യം പൂർത്തീയാക്കിയ മറ്റ് മലയാളികൾ. ഇവരിൽ കെ ഡി ലജു പറവൂർ പെരുമ്പടന്ന സ്വദേശിയും ഫെലിക്‌സ് അഗസ്റ്റിൻ എറണാകുളം സ്വദേശിയുമാണ്. 1000 പ്ളസ് മത്സര ഇനത്തിൽ 15 ഇനങ്ങൾ പൂർത്തീകരിച്ചിട്ടുള്ള ഇന്ത്യയിലെ ഏക കായികതാരം കൂടിയാണ് ഗലിൻ. കഴിഞ്ഞവർഷം ഇന്ത്യൻ ഗ്രാന്റർ ഓഫ് ദി ഇയർ അവാർഡും ഗലിനെ തേടി എത്തിയിരുന്നു. ഷട്ടിൽ ബാറ്റ് മിന്റൺ താരമായിരുന്നു ഗലിൻ കാലിനുപറ്റിയ പരിക്കിനെതുടർന്നാണ് സൈക്ലിംഗിലേക്ക് തിരിഞ്ഞത്. പറവൂർ ബൈക്കേഴ്‌സിലെ അംഗങ്ങളും ഭാര്യ ഷീനയും വിദ്യാർത്ഥികളായ മക്കൾ എൽസയും, എമിനുമാണ് തന്റെ വിജയത്തിനു പിന്നിലെ ചാലക ശക്തിയെന്ന് ഗലിൻ പറഞ്ഞു.