nh-accident-
ദേശീയപാതയിൽ അണ്ടിപ്പിള്ളിക്കാവിൽ കണ്ടെയ്നർ ലോറികൾ ഇടിച്ചപ്പോൾ.

പറവൂർ : ദേശീയപാത 66ൽ മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ഭാഗത്തുകൂടിയുള്ള യാത്ര ദുഷ്കരമാകുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും അടിക്കടിയുണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കുമാണ് കാരണം. വടക്കൻ ജില്ലകളിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രക്കാർ ദൂരം കൂടിയാലും യാത്ര ദേശീയപാത 47ലൂടെയാക്കുന്നു. ഗതാഗതക്കുരുക്ക് മൂലം മൂത്തകുന്നം റൂട്ടിൽ മണിക്കൂറുകളോളം നഷ്ടപ്പെടുന്നതിനാലാണിത്. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ മാത്രം വീതിയുള്ളതാണ് ഈ റൂട്ടിലെ ചില സ്ഥലങ്ങൾ. ഇവിടെ വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ പുതുക്കെയാണ് പോകുന്നത്. കുഴിയടക്കാനോ ഗതാഗത നിയന്ത്രണത്തിനോ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല.

# അണ്ടിപ്പിള്ളിക്കാവിൽ കണ്ടെയ്നർ ലോറി അപകടം

ദേശീയപാതയിൽ അണ്ടിപ്പിള്ളിക്കാവ് പെട്രാൾ പമ്പിനു സമീപം ഇന്നലെ പുലർച്ചെ രണ്ടോടെ കണ്ടെയ്നർ ലോറികൾ കൂട്ടിയിടിച്ചു. എതിർ ഭാഗത്തുനിന്നു വന്ന വാഹനം കടന്നുപോകുന്നതിനു കണ്ടെയ്നർ ലോറി നിറുത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. രണ്ട് ലോറികളും റോഡിൽ കിടന്നതോടെ ഗതാഗതം തടസമുണ്ടായി. പൊലീസ് ഒരു ഭാഗത്തുകൂടിയുള്ള ഗതാഗതം വടക്കുംപുറം, ചേന്ദമംഗലം റോഡിലൂടെ തിരിച്ചുവിട്ടു. വല്ലാർപാടത്തു നിന്ന് കാസർകോട്ടേയ്ക്കും പട്ടാമ്പിയിലേയ്ക്കും പോകുന്ന കണ്ടെയ്നർ ലോറികളാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്നവർക്ക് പരിക്കില്ല.