radar
റഡാർ കേന്ദ്രം കൈമാറുന്നത് സംബന്ധിച്ച് ദക്ഷിണ നാവികത്താവളം മേധാവി റിയർ അഡ്മിറൽ ആർ.ജെ. നദ്കർണിയും കാലാവസ്ഥാ വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ.ഡി. പ്രഥാനും ധാരണാപത്രത്തിൽ ഒപ്പിടുന്നു

കൊച്ചിയിൽ നാവിക കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സ്വന്തം ലേഖകൻ

കൊച്ചി :കാലാവസ്ഥാ നിരീക്ഷണവും പ്രവചനവും കൂടുതൽ വ്യക്തമാക്കാൻ നാവികസേന കൊച്ചിയിൽ ആധുനിക സംവിധാനം ഒരുക്കും. ഇന്ത്യൻ നേവൽ മീറ്ററോളജിക്കൽ അനാലിസിസ് സെന്റർ ദക്ഷിണ നാവികത്താവളത്തിൽ സ്ഥാപിക്കും. റഡാർ അധിഷ്ടിത കാലാവസ്ഥാ നിരീക്ഷണത്തിന് സൗകര്യം ഒരുക്കാൻ നാവികസേനയും കേന്ദ്ര കാലാവസ്ഥാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ധാരണപ്രകാരം കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിലെ സൈക്ളോൺ ഡിറ്റൻഷൻ റഡാർ കെട്ടിടം കാലാവസ്ഥാ വകുപ്പ് നാവികസേനയ്ക്ക് കൈമാറും.

കാലാവസ്ഥാന നിരീക്ഷണം, പ്രവചനം, മുൻകരുതലുകൾ തുടങ്ങിയവയ്ക്ക് നാവികസേന കെട്ടിടം ഉപയോഗിക്കും. സേനയുടെ വിമാനങ്ങൾ, കപ്പലുകൾ തുടങ്ങിയവയുടെ സുഗമമായ നീക്കത്തിനൊപ്പം പൊതുജനങ്ങൾക്കും സംവിധാനം ഗുണകരമാകും. നാവികത്താവളത്തിൽ നടന്ന ചടങ്ങിൽ താവളം മേധാവി റിയർ അഡ്മിറൽ ആർ.ജെ. നദ്കർണിയും കാലാവസ്ഥാ വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ.ഡി. പ്രഥാനും ധാരണാപത്രത്തിൽ ഒപ്പിട്ടു.

വിവരങ്ങൾ കൃത്യതയോടെ

തിരിച്ചെടുത്ത കെട്ടിടത്തിലാണ് ഇന്ത്യൻ നേവൽ മീറ്ററോളജിക്കൽ അനാലിസിസ് സെന്റർ സ്ഥാപിക്കുന്നത്. നാവികസേനാ വിമാനങ്ങൾക്കും കപ്പലുകൾക്കും കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ നൽകാൻ 2013 ൽ സ്ഥാപിച്ചതാണ് നേവർ മീറ്ററോളജിക്കൽ സെന്റർ. പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെ സന്ദർഭങ്ങളിൽ കൂടുതൽ മികവുറ്റ പ്രവർത്തനത്തിന് കേന്ദ്രം സഹായമാകും.

 നാൾവഴികൾ

1 1983 ൽ നാവികത്താവളത്തിൽ റഡാർ കേന്ദ്രം സ്ഥാപിച്ചു.

2 എസ് ബാൻഡ് കാലാവസ്ഥാ നിരീക്ഷണ റഡാർ സംവിധാനം.

3 നിർമ്മിച്ചത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്.

4 പ്രവർത്തിച്ച കാലം : 1987 മുതൽ 2017.

5 പഴയ കൊച്ചി വിമാനത്താവളത്തിന് വിവരങ്ങൾ നൽകി.

6 മുണ്ടംവേലിയിൽ പുതിയ ഡോപ്ളർ റഡാർ സ്ഥാപിച്ചതോടെ നാവികത്താവളത്തിലെ പ്രവർത്തനം നിലച്ചു.

7 വിമാനത്താവളം നെടുമ്പാശേരിയിലേക്ക് മാറ്റിയതോടെ കേന്ദ്രം വെറുതെ കിടക്കാൻ തുടങ്ങി.