കാലടി: റോഡിലെ കുഴികളടച്ച് കാലടി ജനമൈത്രി പൊലീസ് വ്യത്യസ്തരായി. ദിനംപ്രതി കൂടി വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടാണ് കാലടി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടച്ചത്. കാലടി ടൗൺ, ശ്രീ ശങ്കരാ പാലത്തിലും, മലയാറ്റൂർ റോഡിലുമുള്ള കുഴികളാണ് മെറ്റൽ മിശ്രിതം ഉപയോഗിച്ച് നികത്തിയത്. പത്തോളം പൊലീസുകാരാണ് എം.സി റോഡിലും, ടൗണിലെ മറ്റു പ്രദേശങ്ങളിലുമായി ട്രാഫിക്ക് നിയന്ത്രിക്കുന്നതിന് നിയോഗിക്കപ്പെടുന്നത്. ക്രമസമാധാന ചുമതല മാത്രം നോക്കേണ്ട പൊലീസ് പൊതുമരാമത്ത് ജോലിയും റോഡിന്റെ അറ്റകുറ്റപ്പണികളും ഏറ്റെടുക്കേണ്ട ഗതികേടിലേക്കാണ് ഇപ്പോൾ. മലയാറ്റൂർ റോഡിലെ കുഴികളും ശ്രീശങ്കര പാലത്തിലെ കുഴികളും യാത്രക്കാർക്ക് ദുരിതമാണ് നൽകുന്നത്. ഇതിനൊരു പൂർണമായ പരിഹാരമല്ലെങ്കിൽ പോലും ചെറിയ ഒരു ശ്രമമാണ് നടത്തിയിട്ടുള്ളതെന്ന് കാലടി പൊലീസ് സി.ഐ ടി..ആർ സന്തോഷ് പറഞ്ഞു. എസ്.ഐ റിങ് സൺ തോമസ്, എ എസ് ഐ മാരായ ജിബി പൗലോസ്, ശ്രീകുമാർ, സിപിഒ അഭിലാഷ്, വിൽസൺ തുടങ്ങിയവരാണ് റോഡിലെ കുഴികൾ അടച്ചത്.
#കുഴികളടച്ചത് ഗതാഗതകുരുക്ക് മൂലം
റോഡിലെ കുഴികളിൽ ഇറങ്ങുന്ന വാഹനങ്ങൾ വേഗത കുറയ്ക്കുന്നതിനാൽ ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ദിവസേന അനുഭവപ്പെടുന്നത്. ഇത് പൊലീസിന് വളരെയധികം തലവേദനയാണ് ഉണ്ടാക്കുന്നത്.പൊതുമരാമത്ത് അധികൃതർ, പഞ്ചായത്ത് അധികാരികൾ ഈ കാര്യത്തിൽ മുഖം തിരിച്ചു നിന്നപ്പോഴാണ് ജനമൈത്രി പൊലീസ് റോഡിലെ കുഴികൾ അടയ്ക്കാൻ രംഗത്തിറങ്ങിയത്.