# പരിശോധനയിൽ ക്രമക്കേടെന്ന്
പറവൂർ : റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് രണ്ടാമത് അപ്പീൽ നൽകിയിട്ടും അർഹമായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന് വ്യാപക പരാതി. അനർഹർ പട്ടികയിൽ ഇടം പിടിച്ചതായും ആക്ഷേപമുണ്ട്. ചിറ്റാറ്റുകര പഞ്ചായത്തിലേക്ക് അറുപതിൽപരം പ്രളയബാധിതരാണ് കഴിഞ്ഞദിവസം പ്രതിഷേധവുമായി രംഗത്തുവന്നത്. നിലവിൽ പ്രസിദ്ധീകരിച്ച പട്ടിക പുനപ്പരിശോധിക്കണമെന്നതാണ് പ്രധാന ആവശ്യം.
താലൂക്കിലെ പറവൂർ വില്ലേജിലെ പുതിയ ഗുണഭോക്തൃ പട്ടികയിൽ 60 മുതൽ 74 വരെ ശതമാനത്തിലുള്ള ഗുണഭോക്താക്കളായ 68 പേരിൽ നാൽപ്പതിലേറെപ്പേർ ചിറ്റാറ്റുകര പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിൽ ഉൾപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. പഞ്ചായത്തിലെ മറ്റു വാർഡുകളിലും വില്ലേജിലെ മറ്റു സ്ഥലങ്ങളിലും പ്രളയം വളരെയേറെ നാശം വിതച്ചതാണ്. എന്നിട്ടും ഗുണഭോക്തൃപട്ടികയിൽ ഭൂരിഭാഗവും രണ്ട് വാർഡുകളിലുള്ളവർ മാത്രം ഉൾപ്പെട്ടവരാണെന്നാണ് പരാതി. ഇതിൽ പലരും അനർഹരാണെന്നും ആക്ഷേപമുണ്ട്. ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് ഈ രണ്ടു വാർഡുകളിൽ പരിശോധനയ്ക്ക് എത്തിയത്. പട്ടിക പൂർണമായി പുനപ്പരിശോധിക്കണമെന്നും സർക്കാർ ഫണ്ട് അനധികൃതമായി അനുവദിച്ചിട്ടുണ്ടെങ്കിൽ അതു മരവിപ്പിക്കണമെന്നും മാനദണ്ഡങ്ങൾ നോക്കാതെ തുക അനുവദിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ഇതുസംബന്ധിച്ച് അത്താണിപ്പറമ്പിൽ സന്തോഷ് റവന്യൂമന്ത്രിക്കും കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകി.
പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും അർഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കാത്തത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. ജില്ലയിൽ കൂടുതൽ പ്രളയബാധിതരുള്ളതു പറവൂർ താലൂക്കിലാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമായി 55,000 അപ്പീൽ അപേക്ഷകൾ ലഭിച്ചിരുന്നു. കൃത്യമായി പരിശോധന നടത്താതെ അപേക്ഷകൾ തള്ളിയെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. താലൂക്കിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ഇപ്പോഴും പരാതിക്കാരെത്തുന്നുണ്ട്. ഇവരുടെ പരാതിയോ അപേക്ഷയോ സ്വീകരിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശമില്ല. അപ്പീൽ അധികാരി കളക്ടർ ആയതിനാൽ തങ്ങൾക്കൊന്നും ചെയ്യാനാകില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.