# ഭരതനാട്യക്കച്ചേരി നാളെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ
കൊച്ചി: തന്നിലെ കലാകാരിയെ പ്രായത്തിന് തളർത്താനാവില്ലെന്ന് തെളിയിക്കുകയാണ് ഗായത്രി വിജയലക്ഷ്മി എന്ന മുൻ അദ്ധ്യാപിക. ഇനിയൊന്നിനും വയ്യെന്ന് കണക്കാക്കി വിരമിക്കൽ കാലം വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്നവർക്ക് പ്രചോദനം കൂടിയാവുകയാണ് ഈ അമ്പത്തേഴുകാരി. ഗണപതിസ്തുതി, വർണം, പദങ്ങൾ, കീർത്തനങ്ങൾ, തില്ലാന എന്നിവ ഉൾപ്പെടുന്ന ഭരതനാട്യക്കച്ചേരി നാളെ (വെള്ളി) വൈകിട്ട് 6.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഗായത്രി അവതരിപ്പിക്കും.
ഹരിപ്പാട് സ്വദേശിനിയായ ഗായത്രി ഒമ്പതാം വയസിലാണ് നൃത്തപഠനം ആരംഭിച്ചത്. 14-ാം വയസിൽ ഭരതനാട്യത്തോട് പ്രത്യേക താത്പര്യം തോന്നി ശ്രദ്ധ അതിലേയ്ക്കാക്കി. ഹരിപ്പാട്ട് മികച്ച ഭരതനാട്യം ഗുരുക്കന്മാരില്ലാതിരുന്നതിനാൽ കൊല്ലത്ത് പോയായിരുന്നു ഭരതനാട്യം പഠനം. അതിനിടെ പ്രീഡിഗ്രിയും എൻജിനിയറിംഗ് പഠനവുമെല്ലാം താളംതെറ്റാതെ കൊണ്ടുപോയി.
22-ാം വയസിൽ വിവാഹത്തിനുശേഷം തിരുവനന്തപുരത്തെത്തിയ ഗായത്രി മിഥുലാലയ ഡാൻസ് അക്കാഡമിയിൽ മൈഥിലി ടീച്ചറുടെ ശിഷ്യയായി. നൃത്തപഠനം പുരോഗമിക്കുന്നതിനിടെയാണ് പഠിച്ച കോളേജിൽ അദ്ധ്യാപികയാവാൻ യോഗം കൈവരുന്നത്. കൊല്ലം ടി.കെ.എം കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ പ്രൊഫസറായിരുന്ന ഗായത്രി വകുപ്പ് മേധാവിയായി 2018 മാർച്ചിലാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.
കുഞ്ഞ് ജനിച്ചതോടെ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്തി നൃത്തപഠനം തുടരുന്നത് ക്ളേശകരമായി. മനസില്ലാമനസോടെ 26ാം വയസിൽ നൃത്തപഠനം വേണ്ടെന്ന് വച്ചു. അദ്ധ്യാപനം അത്രയേറെ പ്രിയപ്പെട്ട ജോലിയായതിനാലും മക്കളുടെ കാര്യത്തിൽ ശ്രദ്ധാലുവായതിനാലും പിന്നീട് തിരുവനന്തപുരത്ത് സ്ഥിരതാമസമായിട്ടും നൃത്തപഠനത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. മകളുടെ വിവാഹം കഴിഞ്ഞപ്പോഴാണ് തനിക്ക് ഒട്ടേറെ സമയം ചെലവഴിക്കാനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
മക്കളായ ഉണ്ണിമായയും യദുകൃഷ്ണനുമാണ് മുടങ്ങിപ്പോയ നൃത്തപഠനം പുനരാരംഭിച്ചുകൂടേയെന്ന് ചോദിച്ചത്. അങ്ങനെ 2014 ൽ വീണ്ടും മൈഥിലി ടീച്ചറുടെ ശിഷ്യയായി. ദിവസവും രാവിലെ ഒരു മണിക്കൂർ മുടങ്ങാതെ നൃത്തപരിശീലനം ചെയ്യാറുണ്ട്. ആഴ്ചയിൽ നാലുദിവസം ഗുരുമുഖത്ത് നിന്ന് പഠനവും. അരങ്ങിൽ നൃത്തം അവതരിപ്പിക്കാൻ ഗുരു തന്നെയാണ് ഗായത്രിയോട് ആവശ്യപ്പെടുന്നത്. അത്ര ധൈര്യമില്ലാതിരുന്നിട്ടും ഗുരുവിന്റെ പിന്തുണയിൽ നൃത്തപഠനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ അരങ്ങിലെത്തി. തുടർന്ന് നാൽപ്പതോളം സ്റ്റേജുകളിൽ ഭരതനാട്യം അവതരിപ്പിച്ചു. കഴിഞ്ഞ മേയിൽ തിരുവനന്തപുരത്ത് ഭരതനാട്യം കച്ചേരി അവതരിപ്പിച്ചിരുന്നു.