കൊച്ചി: ഹിന്ദുസ്ഥാൻ സ്കൗട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ കേരളയുടെ പ്രഥമ രാജ്യപുരസ്കാർ അവാർഡ് വിതരണം 30 ന് കൊച്ചി ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ നടക്കും. വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും വളർത്തി ഉത്തമ പൗരൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 ൽ കേരളത്തിലെ കേന്ദ്ര സിലബസ് സ്കൂളുകളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പ്രസ്ഥാനം രൂപീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 23 സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്നുള്ള 96 വിദ്യാർത്ഥികൾക്കാണ് രാജ്യപുരസ്കാർ അവാർഡുകൾ നൽകുന്നത്. വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അദ്ധ്യാപകർക്ക് പ്രത്യേക പ്രശംസാപത്രങ്ങളും പ്രിൻസിപ്പൽമാർക്ക് അച്ചീവർ അവാർഡുകളും സമ്മാനിക്കും.
അവാർഡുദാന സമ്മേളനം വൈകിട്ട് നാലിന് കൊച്ചി ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. പുരസ്‌കാര സമർപ്പണവും ഗവർണർ നിർവഹിക്കും. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ചീഫ് കമ്മിഷണർ എം. അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിക്കും. ദേശീയ എക്സിക്യുട്ടീവ് ഡയറക്ടർ കിഷോർ സിംഗ് ചൗഹാൻ മുഖ്യ പ്രഭാഷണം നടത്തും.