സി.എസ്.ഷിജു

ഫോർട്ട്കൊച്ചി: ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് റൂഫസ് അങ്കിളിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ക്ഷണം ലഭിച്ചത്. പിന്നെ രണ്ടാമത് ഒന്ന് ആലോചിച്ചില്ല. അങ്കിൾ ഡൽഹിയിലേക്ക് വണ്ടി കയറി. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഫുട്ബാളിനെയും ഹോക്കിയെയും മാത്രം സ്റ്റേഹിക്കുന്ന കൊച്ചിക്കാരൻ റൂഫസ് ഡിസൂസ എന്ന 90 കാരന് ഇനി ഇതിലും വലിയ സന്തോഷം വേറെ ഇല്ല. ദേശീയ കായിക ദിനമായ ഇന്ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയുടെ അങ്കിളിന് പുരസ്ക്കാരം നൽകും. പുലർച്ചെ 5ന് ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ അങ്കിൾ എത്തും. ഈ സമയം ഫുട്ബാൾ പരിശീലനത്തിനായി 10 വയസു മുതൽ 30 വയസുള്ളവർ വരെ മൈതാനിയിൽ അങ്കിളിനെ കാത്തിരിക്കും. തുടർന്ന് മണിക്കൂറുകളോളം പരിശീലനമാണ്. സാമ്പത്തിക നേട്ടം ഒന്നും നോക്കാതെയുള്ള പരിശീലനം. പക്ഷേ ഒന്നുണ്ട് കൃത്യനിഷ്ഠ അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. ആയിരത്തിലേറെ ശിഷ്യഗണങ്ങളെ അങ്കിൾ വാർത്തെടുത്തിട്ടുണ്ട്. അതിൽ ചിലരാണ് എം.എം.ജേക്കബ് വർഗീസ്, ആമി സൺബോബി, സെബാസ്റ്റ്യൻ, സേവ്യർ പയസ്, സ്റ്റെബോ, ശിവകുമാർ, അനിൽകുമാർ, ആൻസൺ, തോബിയാസ് എന്നിവർ.ഇതിനോടകം ബിബിസി, ഡിസ്ക്കവറി എന്നീ ചാനലുകൾ അങ്കിളിനെക്കുറിച്ച് ഡോക്യുമെന്ററികൾ ചെയ്തു കഴിഞ്ഞു. ഇതിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ഇന്നും മുടങ്ങാതെ മഴയായാലും വെയിലായാലും പുലർച്ചെയും വൈകിട്ടും മൈതാനിയിൽ അങ്കിൾ എത്താറുണ്ട്.

കായിക താരങ്ങളായ ലൂയിസ് ഡിസൂസ ( ഹോക്കി) ഡെറോസി ( ബാസ്ക്കറ്റ് ബോൾ ) ദമ്പതികളുടെ പുത്രനാണ് റൂഫസ്.വിദ്യഭ്യാസത്തോടൊപ്പം ഫുട്ബാളിലും ഹോക്കിയിലും മുൻ നിരയിലെത്തിയ അങ്കിൾ കേരള ഫുട്ബോൾ ഹോക്കി ടീമിൽ അംഗമാണ്. 1949 മുതൽ ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ ഫുട്ബോൾ പരിശീലകനായി തുടക്കം.