കൊച്ചി: പ്രളയകാലത്ത് മാതൃകയായ വഴിയോരക്കച്ചവടക്കാരനായ നൗഷാദിന്റെ സഹപ്രവർത്തകർ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് എറണാകുളം ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാസെക്രട്ടറി കെ.എ ഉസ്മാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സെപ്തംബർ 5ന് കച്ചവടം നടത്തി ലഭിക്കുന്ന വരുമാനമാണ് നൽകുക. കൊച്ചിൻ കോർപ്പറേഷന്റെ പരിധിയിൽപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വഴിയോര കച്ചവടക്കാർക്ക് വെൻഡിംഗ് കമ്മിറ്റി രൂപീകരിക്കാത്തതിലും ഐഡി കാർഡും ലൈസൻസും നൽകാത്തതിലും പ്രതിഷേധിച്ച് ഒക്ടോബർ 1 മുതൽ നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്താൻ യോഗത്തിൽ തീരുമാനിച്ചു. കെ.കെ ശിവൻ അദ്ധ്യക്ഷനായി. നിലമ്പൂരിലുള്ള പ്രളയബാധിതർക്ക് മൂന്നരലക്ഷം രൂപയുടെ സാധനങ്ങൾ എത്തിച്ച ബ്രോഡ്‌വേയിലെ തൊഴിലാളികളെ അഡ്വ.എൻ.എ അലി അഭിനന്ദിച്ചു.