gopi
എടത്തലയിലെ വിവാദ കളിസ്ഥലം ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

ആലുവ: എടത്തലയിലെ വിവാദ കളിസ്ഥലത്തെച്ചൊല്ലി ഇടതുപക്ഷ യുവജന സംഘടന നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ 'കളക്കള'ത്തിലേക്ക് ബി.ജെ.പിയും ഇറങ്ങി. വിവാദ കളിസ്ഥലം പൂർണമായും സർക്കാർ നിയന്ത്രണത്തിലാക്കണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.

മാലിന്യം നിറഞ്ഞുകിടന്ന സ്ഥലം ഗ്രൗണ്ടാക്കി മാറ്റിയ ഇടതു യുവജന നേതാവിനെതിരെ മറ്റൊരു യുവജന നേതാവാണ് ആരോപണം ഉയർത്തിയിരുന്നത്. സംഭവം വിവാദമാകുന്നതിനിടെയാണ് ബി.ജെ.പിയും രംഗത്തിറങ്ങിയത്. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപിയുടെ നേതൃത്വത്തിലാണ് നേതാക്കൾ സ്ഥലം സന്ദർശിച്ചത്. നിലവിൽ പത്തേക്കറോളം വരുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നൊച്ചിമ ഗവ. ഹൈസ്‌കൂളിനായി അനുവദിച്ച ഒരു ഏക്കർഭൂമിയും കളമശേരി ഗവ. പോളിടെക്‌നിക്കിനും എടത്തല പൊലീസ് സ്‌റ്റേഷൻ നിർമ്മാണത്തിനുമായി കണ്ടെത്തിയ ഭൂമിയും അളന്ന് തിട്ടപ്പെടുത്തി ചുറ്റുവേലിയും തീർക്കണമെന്നാണ് ആവശ്യം. നിർദ്ദിഷ്ട ജൈവപാർക്ക് നിർമ്മാണം തുടങ്ങുന്നതുവരെ നാട്ടുകാർക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനം റവന്യൂവകുപ്പുമായി ചേർന്ന് പ്രാദേശിക ഭരണകൂടം ഒരുക്കണമെന്നും ഗോപി ആവശ്യപ്പെട്ടു.

നൊച്ചിമ സ്‌കൂളിനായി അനുവദിച്ച സ്ഥലം അളന്ന് പോക്കുവരവ് ചെയ്ത് ചുറ്റുമതിൽ നിർമ്മിക്കുവാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന, എടത്തല പഞ്ചായത്ത് പ്രസിഡന്റ് അപ്പു മണ്ണാച്ചേരി, ബൂത്ത് പ്രസിഡൻറുമാരായ ശ്രീകുമാർ തച്ചനാംപാറ, ടി.ഡി. സുനിൽകുമാർ, സി.ആർ. ഗിരീഷ്, രാജേഷ് വടശേരി, രാജേഷ് കുന്നത്തേരി എന്നിവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.