kadungalloor
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്ന കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യം യാഥാർത്ഥ്യമാകുന്നു. ജില്ലാ - ഗ്രാമ പഞ്ചായത്തുകൾ ഒരു കോടി രൂപയോളം ചെലവഴിച്ച് നിർമ്മിച്ച പൊതുശ്മശാനം സെപ്തംബർ ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് എന്നിവർ അറിയിച്ചു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ വി.കെ. ഷാനവാസ്, ടി.ജെ. ടൈറ്റസ് എന്നിവരുമൊന്നിച്ച് ശ്മശാനത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷമാണ് ഉദ്ഘാടനം തീരുമാനിച്ചത്.

മുൻ പഞ്ചായത്ത് അംഗം ബിന്ദു രാജീവ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസർ എടയാർ, എസ്.പി. അലക്‌സാണ്ടർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ശ്മശാനത്തിന് സ്ഥലം ലഭ്യമാകുന്നതായിരുന്നു പ്രധാനതടസം. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജിന്നാസും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ഷാനവാസും അഭ്യർത്ഥിച്ചതനുസരിച്ച് അന്നത്തെ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞ് മുൻകൈയെടുത്താണ് എടയാർ വ്യവസായ മേഘലയിൽ 50 സെന്റ് സ്ഥലം അനുവദിച്ചത്. എതിർപ്പുകൾ ഉണ്ടായെങ്കിലും ചർച്ചയിലൂടെ പരിഹരിച്ചു. നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപയും ചുറ്റുമതിലിനും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കായി 29 ലക്ഷം രൂപ ഗ്രാമപഞ്ചായത്തും ചെലവഴിച്ചു. കഴിഞ്ഞ മഹാപ്രളയത്താൽ കുറെ നാശനഷ്ടം സംഭവിച്ചതാണ് ജോലി പൂർത്തികരിക്കാൻ താമസം നേരിട്ടത്.