csi
ആലുവയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ കല്ലറകളിൽ യു.സി. കോളേജ് ചരിത്രവിഭാഗം വിദ്യാർത്ഥികൾ പരിശോധന നടത്തുന്നു

ആലുവ: നൂറ്റാണ്ടിന്റെ പഴക്കമുള്ള ബ്രിട്ടീഷുകാരുടേതടക്കമുള്ള ശവക്കല്ലറകളിൽ ഗവേഷണം നടത്തുകയാണ് യു.സി കോളേജിലെ ചരിത്ര വിഭാഗം വിദ്യാർത്ഥികൾ. കല്ലറകളുടെ ചരിത്ര പഠനത്തിലൂടെ അക്കാലത്തെ സാമൂഹികചരിത്രം വായിച്ചെടുക്കകാണ് ലക്ഷ്യം.
1891 ൽ സ്ഥാപിതമായ ആലുവയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലാണ് ഗവേഷകസംഘം എത്തിയത്. യു.സി. കോളേജിലെ മൂന്നാംവർഷ ചരിത്ര വിദ്യാർത്ഥികളായ ശിവകാമി, സനീഷ, മറിയം ത്യുവേഗി, നോബിൾ, ലക്ഷദ്വീപുകാരി ഫർഷിഭ എന്നിവരാണ് സംഘത്തിലുള്ളത്. ചരിത്രാദ്ധ്യാപിക ഡോ. ജെനി പീറ്ററിന്റെ നേതൃത്വത്തിലാണ് ഗവേഷണം.
1891 ജനുവരി ആറിന് തിരുവതാംകൂർ കൊച്ചി ആംഗ്ലിക്കൽ ബിഷപ്പായിരുന്ന റൈറ്റ്.റവ. എഡ്വേർഡ് നോയർ ഹാഡ്ജസ് ലോർഡ് പണിതതാണ് പള്ളിയെന്ന് ദേവാലയത്തിന് പിന്നിലുള്ള പഴയ മലയാള ലിപിയിലെ ശിലാലിഖിതം വ്യക്തമാക്കുന്നു. തൊട്ടടുത്തുള്ള സെമിത്തേരിയിലാണ് ബ്രിട്ടീഷുകാരുടെ മൃതശരീരങ്ങൾ അടക്കിയിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമാക്കിയുള്ള ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന ആംഗ്ലിക്കൽ സഭയുടെ പിൻതുടർച്ചക്കാരാണ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.). മേബിൽ ബിയാട്രീസ്, പ്രാക്ടർ, ബണ്ടൺ, വൈറ്റ്, ഹൂപ്പർ, ബെല്ലർബി എന്നിങ്ങനെയുള്ള പേരുകൾ ആലുവ സി.ഐ.സി. സെമിത്തേരിയിൽ കാണാം.
1912 നും 1944നും ഇടയിലുള്ള ആറ് പഴയ കല്ലറകൾ ഇപ്പോഴും ഇവിടെ കാണാം. 1912 ൽ അന്തരിച്ച കോട്ടയം ബുക്കാന ഇൻസ്റ്റിറ്റ്യൂട്ട് ശില്പിയും ട്രാവൻകൂർ ചർച്ച് മിഷൻ സൊസൈറ്റി പ്രവർത്തകനുമായ റവ.ഇ. ബെല്ലർബിയുടെ ഭാര്യ എതൽ ബെല്ലർബി, 1933 ൽ 31- ാംവയസിൽ അന്തരിച്ച യു.സി. കോളേജ് അദ്ധ്യാപകനും ആലുവ സെറ്റിൽമെന്റ് സ്‌കൂൾ സ്ഥാപകനുമായ ലെസ്റ്റർ വില്ല്യം ഹൂപ്പർ എന്നിവരുടെ കല്ലറകൾ ഇവിടെയുണ്ട്. ലെസ്റ്റർ വില്ല്യം ഹൂപ്പറിന്റെ പേരിൽ ഒരു ചാപ്പൽ സെറ്റിൽമെന്റിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.