പ്രതിപക്ഷം ഇന്ന് കളക്‌ടർക്ക് നോട്ടീസ് നൽകും
കൊച്ചി: അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് മേയർ സൗമിനി ജെയിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു, ഇന്ന് വൈകിട്ട് മൂന്നിന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയുടെ നേതൃത്വത്തിൽ 34 എൽ.ഡി.എഫ് കൗൺസിലർമാർ ഒപ്പിട്ട നോട്ടീസ് കളക്‌ടർ എസ്. സുഹാസിന് കൈമാറും. അവിശ്വാസപ്രമേയം പരിഗണിക്കേണ്ട തീയതി കളക്‌ടറാണ് തീരുമാനിക്കുക.
മേയർക്കെതിരെ ഭരണമുന്നണിയിൽ നിന്നുതന്നെ ശക്തമായ പടയൊരുക്കും നടക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയമെന്നത് ശ്രദ്ധേയമാണ്. ഷൈനി മാത്യുവിനായി മേയർസ്ഥാനം രാജിവയ്‌ക്കാൻ എ ഗ്രൂപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും സൗമിനി തയ്യാറായിരുന്നില്ല. സ്വന്തം ഗ്രൂപ്പിൽനിന്നുതന്നെ മേയർക്കെതിരെ ശക്തമായ നീക്കം നടക്കുന്നുണ്ട്.
ഇ -ഗവേൺസ്, റോ റോ, സ്‌മാർട്ട് സിറ്റി എന്നീ പദ്ധതികൾ നടപ്പാക്കിയതിലെ അഴിമതി നിരത്തിയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിക്കുക. രണ്ടാം ഡിവിഷനിലെ തുരുത്തി കോളനിയിൽ ഭവനസമുച്ചയം പണിയാൻ ഏൽപ്പിച്ച കരാറുകാരന് യാതൊരു പരിശോധനയും നടത്താതെ ഡെപ്പോസിറ്റ് തുക പിൻവലിക്കാൻ മേയർ മുൻകൂർ അനുമതി നൽകിയത് വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഭരണപക്ഷമായ യു.ഡി.എഫിലെ ഏഴു കൗൺസിലർമാർ മേയറുടെ നടപടിക്കെതിരെ കത്ത് നൽകിയിരുന്നു.
കക്ഷിനില
ആകെ ഡിവിഷൻ 74
യു.ഡി.എഫ്- 38
കോൺഗ്രസ് -35
മുസ്ളീം ലീഗ്- 2
കേരള കോൺഗ്രസ് (എം) -1
എൽ.ഡി.എഫ് -34
സി.പി.എം -28
സി.പി.ഐ -2
ജനതാദൾ -1
എൻ.സി.പി -1
സി.പി.എെ (എം.എൽ)-1
കോൺഗ്രസ് (എസ്)-1
ബി.ജെ.പി -2