കൊച്ചി : മൂന്നു ഫാർമസി കോളേജുകളിലെ ബി. ഫാം പ്രവേശനത്തിനുള്ള തീയതി ഹൈക്കോടതി സെപ്തംബർ 15 വരെ നീട്ടി. തൊടുപുഴ അൽ അസർ, തൃശൂർ വെസ്റ്റ് ഫോർട്ട്, കാഞ്ഞിരപ്പള്ളി ഹിന്ദുസ്ഥാൻ കോളേജ് എന്നിവയ്ക്കാണ് വിധി ബാധകം.
അഫിലിയേഷൻ നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഈ കോളേജുകൾക്ക് അഫിലിയേഷൻ നൽകാൻ കേരള ആരോഗ്യ സർവകലാശാലയ്ക്ക് ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ആഗസ്റ്റ് 20 ന് ഉത്തരവു നടപ്പാക്കിയെങ്കിലും ആഗസ്റ്റ് 15 ന് ബി.ഫാം പ്രവേശന നടപടികൾ അവസാനിച്ചിരുന്നു. ഹർജിക്കാർ വീണ്ടും ഹൈക്കോടതിയിലെത്തിയതിനെ തുടർന്നാണ് പ്രവേശനം സെപ്തംബർ 15 വരെ നീട്ടിയത്.
സംസ്ഥാനത്തെ മെഡിക്കൽ മോപ്പ് അപ്പ് കൗൺസലിംഗ് ആഗസ്റ്റ് 31 വരെയാക്കിയിട്ടുണ്ട്. ബി.ഫാം പ്രവേശനം നേടിയ കുട്ടികളിൽ ചിലർക്ക് മെഡിക്കൽ പ്രവേശനം ലഭിച്ചാൽ അതുവഴിയുണ്ടാകുന്ന ഒഴിവുകൾ നികത്താനും ഇതുചിതമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തീയതി നീട്ടാൻ കേരള സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളേജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.