brothers
സഹോദരങ്ങളായ അമിതാഭ മാലിക്കും അരുണാഭ മാലിക്കും

കൊച്ചി: ചേട്ടൻ വ്യാജ വെബ്സൈറ്റ് വഴി പണം തട്ടും. അനിയൻ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങി വിൽക്കും. ഇങ്ങനെ വാങ്ങിയ ഇലക്ട്രോണിക്സ് ഉല്പന്നങ്ങളടക്കം ഗ്രാമത്തിൽ വമ്പൻ ഓഫറിൽ മറിച്ചുവിറ്റ് കച്ചവടം പൊടിപൊടിക്കുന്നതിനിടെയാണ് സഹോദരങ്ങളായ പശ്ചിമബംഗാൾ ഹാൽദിയ സ്വദേശി അമിതാഭ മാലിക്കും (30) അരുണാഭ മാലിക്കും (19) കഴിഞ്ഞ ദിവസം സൈബർ പൊലീസിന്റെ പിടിയിലായത്. ഒരിക്കലും അറസ്റ്റിലാകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇരുവരും. അതിനാൽ, നിരന്തരം തട്ടിപ്പ് നടത്തുകയും കിട്ടുന്ന പണത്തിന് ആർഭാട ജീവിതം നയിക്കുകയുമായിരുന്നു. തട്ടിപ്പിന് പുത്തൻ തന്ത്രം പയറ്റിയെങ്കിലും കേരള പൊലീസിന് മുന്നിൽ സഹോദരങ്ങൾക്ക് മുട്ടുകുത്തേണ്ടിവന്നു.


സിം മാറൽ
ഈ മാസം 18നാണ് ആലപ്പുഴ പൂച്ചാക്കൽ സ്വദേശിയും വിമുക്തഭടനുമായ പ്രവീണിന്റെ അക്കൗണ്ടിൽ നിന്നും 2,57,000 രൂപ പ്രതികൾ തട്ടിയത്. ഒരു ബാങ്കിന്റെ അരൂർ, മട്ടാഞ്ചേരി ബ്രാഞ്ചുകളിലെ രണ്ട് അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. പണം പിൻവലിച്ചെന്ന് മെസേജ് വന്നെങ്കിലും ഒ.ടി.പി സന്ദേശം ലഭിച്ചിരുന്നില്ല. തുടർന്ന് ബാങ്കിനെയും പിന്നീട് സൈബർ പൊലീസിനെയും പ്രവീൺ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ നഷ്ടപ്പെട്ട പണം സ്നാപ്പ് ഡീലിലേക്കാണ് വിനിമയം ചെയ്തതെന്ന് വ്യക്തമായി. ഉടൻ പ്രവീണിനെ വിളിച്ച് വരുത്തി ഫോണിലെ സെർച്ച് ഹിസ്റ്ററി പരിശോധിച്ചു. വെബ്സൈറ്റിൽ ഇയാൾ സന്ദർശിച്ചതായും ഇത് വ്യാജ സൈറ്റാണെന്നും കണ്ടെത്തി. ഓഫർ ചെയ്യുന്നതിനായി ലോഗിൻ ചെയ്യാൻ ശ്രമിച്ചിരുന്നതായി പ്രവീണും വ്യക്തമാക്കിയതോടെ അന്വേഷണം സ്നാപ്ഡീലിൽ നിന്നും സാധനം വാങ്ങാൻ ഉപയോഗിച്ച മൊബൈൽ നമ്പറിനെ കേന്ദ്രീകരിച്ചായി. മൊബൈലിൽ തന്നെ തുടരെ തുടരെ 512 സിം ഉപയോഗിച്ചിട്ടുണ്ടെന്നും ഐ.എം.ഇ.ഐ നമ്പർ പശ്ചിമ ബംഗാളിലെ ഹാൽദിയ ഗ്രാമത്തിലാണെന്നും കണ്ടെത്തി. തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പശ്ചിമ ബംഗാളിലേക്ക് തിരിക്കുകയായിരുന്നു.

വിലക്കുറച്ച് വിൽപ്പന
ഹാൽദിയയിലെ വീട്ടിലെത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ, സൈബർ പൊലീസിനെ ഞെട്ടിച്ചത് മെറ്റൊന്നായിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഇലക്ടോണിക്‌സ് ഉപകരണങ്ങൾ ഉൾപ്പടെ രണ്ട് ചാക്കോളം സാധനങ്ങളാണ് ഇവർ വാങ്ങി സൂക്ഷിച്ചിരുന്നത്. അര ലക്ഷത്തിലധികം വിലമതിപ്പുള്ള സാധനങ്ങളായിരുന്നു എല്ലാം. ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങി ആയിരം, രണ്ടായിരം രൂപ കുറച്ചാണ് ഇവരുടെ വില്പന. ഇങ്ങനെ 12 ലക്ഷം രൂപ സഹോദരങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹാൽദിയ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും മാത്രമാണ് ഇവർ ഇടപാട് നടത്തിയിരുന്നത്. ഒരു സിം ഉപയോഗിച്ച് മൂന്ന് തവണ മാത്രമേ ഇവർ ഷോപ്പിംഗ് നടത്തൂ. ശേഷം സിം ഉപേക്ഷിക്കും. തട്ടിപ്പ് തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നതത്രേ. പുതിയ കണക്ഷൻ എടുക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയെങ്കിലും പ്രതികൾക്ക് യഥേഷ്ടം സിം കാർഡുകൾ ലഭിച്ചിരുന്നു.

കുഗ്രാമത്തിലെ തട്ടിപ്പ് വീരന്മാർ
ഹാൽദിയ പശ്ചിമ ബംഗാളിലെ ഒരു കുഗ്രാമമാണ്. ഇവിടത്തെ ഉന്നത കുടുംബത്തിലെ അംഗങ്ങളാണ് അമിതാഭും അരുണാഭും. പിതാവ് ആയുർവേദ ഡോക്ടറായതിനാൽ ഉയർന്ന വിലയുള്ള സാധനങ്ങൾ വാങ്ങി മറിച്ച് വില്ക്കുന്നതിൽ നാട്ടുകാർക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടർ എൻജിനീയറായ അമിതാഭ് ഡാർക്ക് വെബ് വഴിയാണ് എയർടെല്ലിന്റെ വ്യാജ വെബ് സൈറ്റ് നിർമിച്ചത്. സൈബർ പൊലീസ് വെബ്സൈറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഐ.പി അഡ്രസിൽ പല രാജ്യങ്ങളാണ് കാണിച്ചിരുന്നത്. പിന്നീടാണ് മൊബൈൽ ഫോണിലേക്ക് അന്വേഷണം മാറ്റിയത്. അതേസമയം, വെബ്സൈറ്റ് നിർമിക്കാൻ ഡൽഹി സ്വദേശിയുടെ സഹായം ഇയാൾ തേടിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

ഓൺലൈൻ പണം ഇടപാടിലൂടെ ഓൺലൈൻ വ്യാപാര സൈറ്റുകളുടെ ഗിഫ്റ്റ് വൗച്ചറുകൾ പ്രതികൾ വാങ്ങിക്കൂട്ടിയിരുന്നു. ഇതെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റ് എളുപ്പമാക്കിയത്. അന്വേഷണം പുരോഗമിക്കുകയാണ്.

എസ്.ഐ റഷീദ്, കൊച്ചി റേഞ്ച്, സൈബർ പൊലീസ്