കൊച്ചി: നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന കേരള പൊലീസ് ടീമിന്റെ ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എ.സി.പി കെ.ലാൽജി ഒളിംപിക്‌സിന്റെ ഒളിപ്പോരെന്ന് പേരിട്ട സംഗീത ആൽബം പ്രകാശനം ചെയ്തു. ഐ.പി.എൽ, ഒളിമ്പിക്‌സ് ഡേ, സ്വച്ഛ് ഭാരത് തുടങ്ങി നിരവധി പ്രമുഖ പരിപാടികൾക്ക് പിന്തുണ നൽകി ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ ശരത് മോഹനാണ് രചനയും സംഗീത സംവിധാനവും.
നെഹ്രു ട്രോഫിയിൽ തുഴ എറിയുന്ന പൊലീസിലെ പുരുഷ വനിതാ ടീമുകൾക്ക് ഗാനം പ്രചോദനമാകുമെന്ന് എ.സി.പി ലാൽജി പറഞ്ഞു. സുജ.കെ.എസാണ് ആൽബം സംവിധാനം ചെയ്തത്. സുധീഷ് കുമാറാണ് ഗായകൻ. ധനുഷ് എം.എച്ച് ഓർക്കസ്‌ട്രേഷൻ നിർവഹിച്ച ആൽബത്തിന് ജോസഫ് സെബാസ്റ്റ്യൻ കാമറയും റെനി എഡിറ്റിംഗും. കാരിച്ചാൽ ചുണ്ടൻ വെള്ളത്തിലാണ് കേരള പൊലീസിനെ പ്രതിനിധീകരിച്ച് ടീം നെഹ്‌റു ട്രോഫിയിൽ ഇറങ്ങുന്നത്.