നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ഇന്നെത്തും

കൊച്ചി: കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണം വിലയിരുത്താൻ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി എത്തുന്നു. എസ്.ശർമ്മയാണ് ചെയർമാൻ. നിർമ്മാണത്തിലെ മെല്ലെപ്പോക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്ഥലം നേരിൽ സന്ദർശിച്ച് വിലയിരുത്തുന്നത്. ആശുപത്രിയും സംഘം സന്ദർശിക്കും. സമിതി റിപ്പോർട്ട് നൽകുന്നതോടെ കൊച്ചി കാൻസർ സെന്റർ നിയമസഭയിലും ചർച്ചാവിഷയമാകുമെന്നുറപ്പായി.

ഇന്ന് രാവിലെ 10.30ന് എറണാകുളം ഗസ്റ്റ്ഹൗസിൽ യോഗം കൂടിയതിന് ശേഷമാകും കൊച്ചി കാൻസർ സെന്ററിൽ പരിശോധനയ്ക്കായി സംഘം യാത്രതിരിക്കുക. തിരുവനന്തപുരത്ത് ചേരേണ്ട യോഗമാണ് കാൻസർ സെന്റർ സന്ദർശനത്തിനായി കൊച്ചിയിലേക്ക് മാറ്റിയത്. കാൻസർ സെന്ററിന്റെ സ്പെഷ്യൽ ഓഫീസറായ ജില്ലാ കളക്ടറുമായും മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്ക് ശേഷമാകും സന്ദർശനം.

നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി

സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനും സർക്കാരിൽ നിന്നും വിശദീകരണം തേടാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനും അധികാരമുള്ളതാണ് നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി. സമിതി ഇടപെടുന്ന വിഷയങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളും നിർദ്ദേശങ്ങളും ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടും സർക്കാരിലും നിയമസഭയിലും സമർപ്പിയ്ക്കും. രണ്ടര വർഷമാണ് സമിതിയുടെ കാലാവധി. രണ്ട് മാസം മുമ്പാണ് പുതിയ സമിതി നിലവിൽ വന്നത്. എസ്.ശർമ്മ ചെയർമാനായ സമിതിയിൽ കെ.സി ജോസഫ്, എ.പി അനിൽകുമാർ, സി.കെ ശശീന്ദ്രൻ, ടി.വി രാജേഷ്, പി.കെ അബ്ദുറബ്, മഞ്ഞളാംകുഴി അലി, കോവൂർ കുഞ്ഞുമോൻ, ബി.ഡി ദേവസി, കെ.രാജൻ, ജി. എസ് ജയലാൽ എന്നിവരാണ് അംഗങ്ങൾ.

"മധ്യകേരളത്തിന്റെ സ്വപ്നപദ്ധതിയാണ് കൊച്ചി കാൻസർ സെന്റർ. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണം വെറും 11 ശതമാനം മാത്രമേ പൂർത്തിയായുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി സന്ദർശിക്കാൻ തീരുമാനിച്ചത്. കാലതാമസം ഒഴിവാക്കി കൃത്യസമയത്ത് കാൻസർ സെന്റർ കമ്മീഷൻ ചെയ്യിക്കുകയാണ് ലക്ഷ്യം."

എസ്.ശർമ്മ എം.എൽ.എ

സമിതിയുടെ ചെയർമാൻ