തൃക്കാക്കര: ജില്ലയിലെ വിവിധ താലൂക്കുകളിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ പഠനം നടത്തിയ വിദഗ്ദ്ധ സംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി നിയോഗിച്ച രണ്ട് സംഘങ്ങളാണ് ജില്ലയിലെ അഞ്ച് താലൂക്കുകളിൽ പഠനം നടത്തിയത്.
കോതമംഗലം, കണയന്നൂർ, മൂവാറ്റുപുഴ, ആലുവ, കുന്നത്തുനാട് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് പഠനം നടത്തിയ ശേഷമാണ് സംഘം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസിന് റിപ്പോർട്ട് കൈമാറിയത്. ഏറ്റവുമധികം ഉരുൾപൊട്ടൽ ,മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളുള്ള കോതമംഗലം താലൂക്കിലാണ് സംഘം ആദ്യം പഠനം തുടങ്ങിയത്.ഒരു ജിയോളജിസ്റ്റും സോയിൽ കൺസർവേഷൻ ഓഫീസറുമടങ്ങുന്ന രണ്ട് സംഘങ്ങളാണ് ജില്ലയിൽ പഠനം നടത്തയത്. ജിയോളജിസ്റ്റുകളായ എം. മനോജ്, മഞ്ചു സി.എസ്, സോയിൽ കൺസർവേഷൻ ഓഫീസർമാരായ സ്മിത എം.എസ്, അമ്പിളി .പി എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്. റിപ്പോർട്ട് പഠിച്ച ശേഷം അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്:

ജില്ലയിലെ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ പീനം നടത്തിയ വിദഗ്ദ്ധസംഘം ജില്ലാ കളക്ടർ എസ്. സുഹാസുമായി സംസാരിക്കുന്നു