വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെയും ചെറായി വിജ്ഞാനവർദ്ധിനിസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിദിന സമ്മേളനം സെപ്തംബർ 13ന് ചെറായിയിൽ നടക്കും. ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. വി.വി. സഭ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ അവാർഡ് വിതരണവും എസ്. ശർമ്മ എം.എൽ.എ നിർവഹിക്കും. യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് സ്വാഗതം പറയും. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ചതയദിന സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, ഡയറക്ടർ ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, വി.വി. സഭാ സെക്രട്ടറി എ.എ. മുരുകാനന്ദൻ, സ്‌കൂൾ മാനേജർ അഡ്വ. എൻ.എസ്. അജയ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരൻ, വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ, സുധീഷ് കുളങ്ങര തുടങ്ങിയവർ പ്രസംഗിക്കും.
സെപ്തംബർ 3ന് രാവിലെ 10ന് വൈപ്പിൻകരയിലെ പ്രധാനകേന്ദ്രങ്ങളിലും യൂണിയൻ ശാഖാ സഭാ ആസ്ഥാനങ്ങളിലും പീതപതാകകൾ ഉയർത്തും. 13ന് രാവിലെ 9.30ന് മുനമ്പം ഗുരുദേവക്ഷേത്ര സന്നിധിയിൽ നിന്ന് യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ചതയദിന വിളംബര ഇരുചക്രവാഹനജാഥ വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയിലൂടെ നീങ്ങി വൈപ്പിൻ വരെയെത്തി പുതുവൈപ്പ് മഹാവിഷ്ണുക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിക്കും.
വൈകിട്ട് വൈപ്പിൻ യൂണിയനിലെ 22 ശാഖകൾ തങ്ങളുടെ ബാനറുകൾക്ക് പിന്നാലെ വിവിധ വാദ്യമേളങ്ങളോടെ അണിനിരക്കും. പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ നിന്ന് വൈകിട്ട് 3ന് പുറപ്പെടുന്ന ഘോഷയാത്ര 5.30ന് ചെറായി ഗൗരീശ്വരക്ഷേത്രാങ്കണത്തിൽ സമാപിക്കും. തുടർന്ന് ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ ജയന്തിദിന സമ്മേളനം നടക്കും.
പത്രസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി പി.ഡി. ശ്യാംദാസ്, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, വി.വി. സഭ പ്രസിഡന്റ് ഭാഗ്യനാഥൻ, സെക്രട്ടറി മുരുകാനന്ദൻ, ട്രഷറർ സുധീഷ് കുളങ്ങര എന്നിവർ പരിപാടികൾ വിശദീകരിച്ചു.