അങ്കമാലി: സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി, കാലടി മേഖലയിലെ ബസുടമകളും ജീവനക്കാരും നാളെ (ശനി) ഉച്ചവരെ പണിമുടക്കി അങ്കമാലി പൊതുമരാമത്ത് ഓഫീസ് മുമ്പിലേക്ക് മാർച്ചും ധർണയും നടത്തും.
കാലവർഷത്തിന് മുമ്പേ തകർന്ന അങ്കമാലി മഞ്ഞപ്ര, കാലടി, മലയാറ്റൂർ, നായത്തോട് എയർപോർട്ട് റോഡുകളും കാലടി പാലത്തിലേയും ടൗണിലേയും കുഴികൾ, കൂടാതെ നിരവധി റോഡുകളും ഗതാഗത യോഗ്യമല്ലാതായതോടെ സ്വകാര്യ ബസ് സർവീസുകൾ താളം തെറ്റുന്നു. അങ്കമാലി, കാലടി ടൗണുകളിലെ ഗതാഗതക്കുരുക്കിനാൽ ഒരു ദിവസം പോലും ട്രിപ്പുകൾ പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇന്ധനവില വർദ്ധനവും ഈ വ്യവസായത്തെ തകർക്കുകയാണ്.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഫോറം, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകൾ സംയുക്തമായാണ് പ്രതിഷേധ സമരം നടത്തുന്നത്.