hamsa

കൊച്ചി : കാസർകോട് വീട്ടുവേലയ്ക്ക് നിന്ന 13 വയസുകാരി സഫിയയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുളിയാർ മസ്‌തികുണ്ട് വീട്ടിൽ കെ.സി.ഹംസയ്ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം ശിക്ഷയായി വെട്ടിക്കുറച്ചു. രണ്ടാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുന, നാലാം പ്രതി കുമ്പള സ്വദേശി എം. അബ്‌ദുള്ള എന്നിവരെ വെറുതേ വിട്ടു.

കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച ശിക്ഷക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. മൈമുനക്ക് നാലു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അബ്‌ദുള്ളക്ക് മൂന്നു വർഷം തടവുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.

ഗോവയിൽ കരാറുകാരായ ഹംസയ്ക്കും മൈമുനയ്ക്കുമൊപ്പമാണ് സഫിയ കഴിഞ്ഞിരുന്നത്. 2006 ഡിസംബറിൽ സഫിയയെ ഗോവയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നുമാണ് കേസ്. ഗോവയിലെ വീട്ടിൽ പാചകത്തിനിടെ അരിക്കലം ശരീരത്തിലേക്ക് മറിഞ്ഞു വീണ് ഗുരുതരമായി പൊള്ളലേറ്റ സഫിയക്ക് ഹംസ ചികിത്സ നൽകിയില്ലെന്നും നില ഗുരുതരമായപ്പോൾ കൊലപ്പെടുത്തിയെന്നുമാണ് കേസ്. മരണം ഒളിച്ചു വെക്കാനും നിയമ പ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് ഹംസ മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടതെന്ന് കോടതി വിലയിരുത്തി.

സഫിയയുടെ പിതാവ് മകളെ കാണാനില്ലെന്ന് വ്യക്തമാക്കി ആഡൂർ പൊലീസിൽ നൽകിയ പരാതിയിൽ 2008 ലാണ് ഹംസ അറസ്റ്റിലായത്. വധശിക്ഷ വിധിക്കാൻ അപൂർവങ്ങളിൽ അപൂർവമായ കേസല്ല ഇതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പെൺകുട്ടിയെ ഹംസ തട്ടിക്കൊണ്ടുപോയെന്ന കുറ്റം നിലനിൽക്കില്ല. മൈമുനക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതിന് തെളിവില്ല. പെൺകുട്ടിയെ കാണാനില്ലെന്ന് മൈമുന പറഞ്ഞെന്ന് മാത്രമാണ് കുറ്റപത്രത്തിൽ ഉള്ളത്. പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിടാൻ സഹായിച്ചെന്ന കുറ്റമാണ് നാലാം പ്രതി അബ്ദുള്ളയുടേത്. കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവുകളില്ല. ഈ സാഹചര്യത്തിലാണ് ഇവരെ വെറുതേ വിടുന്നതെന്നും വിധിയിൽ പറയുന്നു.