കോലഞ്ചേരി: പട്ടിമറ്റം - നെല്ലാട് റോഡിൽ താത്കാലികമായി കുഴി നികത്തൽ തുടങ്ങി. റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ച് വലിയ കുഴികൾ നികത്തലാണ് ഇന്നലെ തുടങ്ങിയത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

മൂവാറ്റുപുഴയിൽ നിന്ന് ജില്ലാ ഭരണ കേന്ദ്രത്തിലേയ്ക്ക് എത്തുന്ന പ്രധാന റോഡായ പട്ടിമറ്റം - നെല്ലാടുവഴി യാത്ര ചെയ്യുന്നവർ വഴിയേത് കുഴിയേത് എന്നറിയാതെ കുഴയുന്ന അവസ്ഥയിലായിരുന്നു. ബി.എം.ബി.സി നിലവാരത്തിൽ പുതുക്കി നിർമ്മിക്കാനായി ടെൻഡർ നടപടികളിലേയ്ക്ക് കടന്ന റോഡായതിനാൽ അറ്റകുറ്റപ്പണികളും നടന്നിരുന്നില്ല. അതോടെ ഇതുവഴി യാത്ര ദുരിതപൂർണമായി. 32.64 കോടി രൂപ റോഡ് നിർമ്മാണത്തിന് വകയിരുത്തിയ റോഡാണിത്. പലയിടത്തും നിർമ്മാണത്തിനായി സ്ഥലമേറ്റെടുത്ത് ജോലി തുടങ്ങിയെങ്കിലും മഴവന്നതോടെ നിർത്തിവെച്ചു. ഇതോടെ നെല്ലാട് വഴയുള്ള യാത്ര ദീർഘദൂര യാത്രക്കാർ ഉപേക്ഷിച്ചിരുന്നു.