soumini-jain

കൊച്ചി: മേയർ സൗമിനി ജെയിനെതിരെ അപ്രതിക്ഷിത നീക്കത്തിനൊടുവിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതോടെ പിടിച്ചു നിൽക്കാനുള്ള തത്രപാടിലാണ് കോൺഗ്രസ് നേതൃത്വം. സ്വന്തം ഗ്രൂപ്പിൽ നിന്നു പാേലും ശക്തമായ എതിർപ്പു നേരിടുകയാണ് മേയർ.ഐ ഗ്രൂപ്പ് നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷം ഇന്നലെ കളക്‌ടർക്ക് നൽകിയ അവിശ്വാസ പ്രമേയം അടുത്ത മാസം ഒമ്പതിന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ചർച്ച ചെയ്യും. തന്ത്രങ്ങൾ മെനയുന്നതിനായി മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നാലിന് ഉച്ചകഴിഞ്ഞ് ചേരും. രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലനിൽക്കുന്ന ഭരണസമിതിയെ ഏതു വിധേനയും നിലനിർത്തുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.ഐ, എ ഗ്രൂപ്പ് വത്യാസമില്ലാതെ ഭൂരിഭാഗം കോൺഗ്രസ് കൗൺസിലർമാരും മേയർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.മേയറുടെ പ്രവർത്തനങ്ങളിൽ മിക്ക കൗൺസിലർമാർക്കും അമർഷവും അസംതൃപ്തിയുമുണ്ടെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് സമ്മതിച്ചു.

 മേയറുടെ തന്നിഷ്‌ടം

നേതൃത്വത്തോടോ സ്റ്റിയറിംഗ് കമ്മിറ്റിയിലോ ആലോചിക്കാതെ നിർണ്ണായക വിഷയങ്ങളിൽ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നു. സ്മാർ‌്ട്ട് സിറ്റി, അമൃത, ഇ ഗവേണൻസ് എന്നിവയിലെ മെല്ലെപ്പോക്ക്, ഏറ്റവും ഒടുവിൽ തുരുത്തി കോളനിയിൽ രാജീവ് ഗാന്ധി ആവാസ് യോജനപദ്ധതിയുടെ കീഴിലുള്ള ഫ്ളാറ്റ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാരന് ഡെപ്പോസിറ്റ് തുക തിരിച്ചുകൊടുക്കാനെടുത്ത തീരുമാനത്തിൽ വരെ പ്രവർത്തകർക്ക് എതിർപ്പുണ്ട്. ഡി.സി.സി പ്രസിഡന്റു കൂടിയായ ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദിനോടു പോലും ആലോചിക്കാതെയാണ് കരാറുകാരന് 91 ലക്ഷം രൂപ തിരികെ നൽകാൻ മേയർ മുൻകൂർ അനുമതി നൽകിയത്. മേയറുടെ ഈ തീരുമാനത്തിനെതിരെ യു.ഡി.എഫിലെ ഏഴ് കൗൺസിലർമാർ കഴിഞ്ഞ കൗൺസിലിൽ വിയോജനകുറിപ്പ് നൽകിയത് പ്രതിപക്ഷത്തിന് കരുത്തേകി. എല്ലാ ഭാഗത്തുനിന്നും എതിർപ്പ് ഉയരുന്ന സാഹചര്യത്തിലാണ് പ്രവർത്തകരുടെ മനസ് അറിയുന്നതിനായി അടുത്ത ആഴ്ച യോഗം വിളിക്കാൻ ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചത്. എൻ. വേണുഗോപാൽ, കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. അവിശ്വാസപ്രമേയത്തെ അിജീവിക്കുകയെന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ജീവൻമരണ പോരാട്ടമാണ്.

മേയർ സ്ഥാനം ഒഴിയണം

അതിനിടെ ഒരിടവേളയ്ക്ക് ശേഷം മേയർ സ്ഥാനം ഒഴിയണമെന്ന ആവശ്യം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. സൗമിനി ജെയിൻ രാജി വയ്ക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ എ വിഭാഗത്തിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ഘടകകക്ഷികൾക്കും അതൃപ്തി

ആരോഗ്യ സ്ഥിരം സമിതിയുടെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ അടുത്ത കാലത്ത് നഗരസഭയിലെ ധനകാര്യ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ചത് യു.ഡി.എഫിന് തിരിച്ചടിയായി. മേയറുടെ പ്രവർത്തനങ്ങളിൽ ഘടകകക്ഷികൾക്കും തൃപ്തിയില്ല. മുസ്ളീംലീഗ് അംഗമായ ടി.കെ.അഷ്‌റഫും കേരള കോൺഗ്രസിലെ ജോൺസണും വിയോജന കുറിപ്പിലൂടെ എതിർപ്പ് പരസ്യമാക്കാനും മടിച്ചില്ല. ഭരണമുന്നണിയിലെ പ്രശ്‌നങ്ങൾ മുതലെടുത്ത് മേയറെ താഴെയിറക്കാൻ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

അവിശ്വാസ പ്രമേയ നോട്ടീസ് നൽകി

പ്രതിപക്ഷത്തെ 34 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പൂർണിമ നാരായൺ, പ്രതിഭ അൻസാരി, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ, കക്ഷി നേതാക്കളായ ജിമിനി, കെ.ജെ. ബെയ്‌സിൽ, ഷീബലാൽ, ജയന്തി പ്രേംനാഥ്, കൗൺസിലർമാരായ സി.കെ. പീറ്റർ, ഒ.പി. സുനിൽ, ബൈജു തോട്ടാളി എന്നിവർ കളക്ടറുടെ ചേംബറിൽ നേരിട്ടെത്തി നൽകി.