കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കൻഡ് എഡിഷനിൽ വിനീത് വാസുദേവ് സംവിധാനം ചെയ്ത 'വേലി ' മികച്ച ചിത്രം. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. തിരക്കഥക്കുള്ള അവാർഡും വേലിയിലൂടെ വിനീത് വാസുദേവന് ലഭിച്ചു . മികച്ച രണ്ടാമത്തെ ചിത്രമായി അരിമ്പാറയും ( സംവിധാനം നിപിൻ നാരായൺ ) മൂന്നാമത്തെ ചിത്രമായി ഗൾപ്പ് ( സംവിധാനം വിജീന്ദ്ര ശ്യാം ) യഥാക്രമം അമ്പതിനായിരം രൂപയും ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും നേടി. സ്റ്റെയിൻസ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ റിയ മാത്യുസ് മികച്ച സംവിധായക പുരസ്‌കാരവും ലിയ ഗ്രേസ് മികച്ച നടിക്കുള്ള പുരസ്‌കാരവും അങ്കിത് ചുഗ് സംഗീത സംവിധാനത്തിനുള്ള അംഗീകാരവും നേടി. ആഷിക് അബുബക്കർ (മൃഗം ) മികച്ച നടനായി. സംവിധായകൻ ഭദ്രൻ ചെയർമാനായ ഫൈനൽ ജൂറിയിൽ മഹേഷ് നാരായണൻ, സജീവ് പാഴൂർ, സുജിത്ത് വാസുദേവ്, സൗമ്യ സദാനന്ദ്, ബിജിബാൽ, രജിഷ വിജയൻ എന്നിവർ ഫൈനൽ ജൂറി അംഗങ്ങളായിരുന്നു. സെപ്തംബറിൽ എറണാകുളത്ത് വെച്ച് അവാർഡ് വിതരണ ചടങ്ങ് നടത്തുമെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ് വിജയൻ എന്നിവർ അറിയിച്ചു.