ആലുവ: നഗരസഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി കൗൺസിലറുടെ വീട്ടിൽ വാർഡ് സഭ നടത്താനുള്ള നീക്കം ചെയർപേഴ്സൺ രേഖാമൂലം തടഞ്ഞു. ആലുവ നഗരസഭ 25 -ാം വാ‌ർഡ് സഭയാണ് കൗൺസിലർ കെ. ജയകുമാറിന്റെ വീട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്നത്.

ഇതിനെതിരെ വാർഡ് നിവാസികൾ നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ചു. തുടർന്ന് വാർഡ് നിവാസികൾ ചെയർപേഴ്സനെ പരാതിയുമായി സമീപിക്കുകയായിരുന്നു. ചട്ടപ്രകാരം പൊതുസ്ഥലത്ത് വാർഡ് സഭ നടത്തണം എന്നിരിക്കേ, വാർഡ് സഭ സ്വന്തം വീട്ടിൽ നടത്തുന്നത് എതിർപ്പുള്ളവരെ മനപ്പൂർവം ഒഴിച്ചുനിർത്താൻ വേണ്ടിയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പരാതി. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം വാർഡ്സഭ പൊതുസ്ഥലത്തല്ലെങ്കിൽ പങ്കെടുക്കേണ്ടതില്ലന്ന് ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി. ഇതേ നിർദ്ദേശം കൗൺസിലർക്കും കത്ത് മുഖേന നൽകിയിട്ടുണ്ട്. വാർഡ് നിവാസികളുടെ പരാതി മറച്ചുവച്ച് കൗൺസിലറുടെ വീട്ടിൽ വാർഡ് സഭ നടത്താൻ കുട്ടുനിന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാനും നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.