നെടുമ്പാശേരി: പ്രളയബാധിതരായ മലബാറിലെ വ്യാപാരികളെ സഹായിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച 'മലബാറിലെ വ്യാപാരി സമൂഹത്തിനൊരു കൈത്താങ്ങ് 'പദ്ധതിയിലേക്ക് നെടുമ്പാശേരി മേഖലാ കമ്മിറ്റി രണ്ടരലക്ഷം രൂപ നൽകി. മേഖലയിലെ 14 യൂണിറ്റുകളിൽ നിന്നാണ് പണം സമാഹരിച്ചത്. ശ്രീമൂലനഗരം, നെടുമ്പാശേരി, കുന്നുകര, പാറക്കടവ്, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളിലെ സംഘടന അംഗങ്ങളുടെ ഒരു ദിവസത്തെ വരുമാനമാണ് പ്രളയ ഫണ്ടിലേക്ക് സംഭാവനയായി നൽകിയത്. ജില്ലയിലെ 14 മേഖലകളിൽ നിന്നായി ജില്ലാ കമ്മിറ്റി ഒരു കോടി രൂപയാണ് സമാഹരിക്കുന്നത്. ഫണ്ട് സമാഹരണത്തിന്റെ സമാപനം കരിയാട് യൂണിറ്റിൽ ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു. കെ.ജെ. പോൾസൺ, കെ.ബി. സജി, പി.ജെ. ജോയ്, പി.വൈ. കുര്യാച്ചൻ, പി.ജെ. ജോണി, ഷൈജൻ പി. പോൾ, മോളി മാത്തുക്കുട്ടി, റാണി പോൾസൺ, സുമി സുധാകരൻ എന്നിവർ പ്രസംഗിച്ചു.