nh-derna-con-i-
ദേശീയപാത 66 അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ ധർണ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : സംസ്ഥാനത്തെ റോഡുകളുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയും അലംഭാവവും കാരണമാണെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. ദേശീയപാത 66ന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ - വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകൾ തകർന്നതിനാൽ ജനങ്ങൾ കഷ്ടപ്പെടുകയാണ്. ദേശീയപാത 66 ലെ വരാപ്പുഴ- മൂത്തകുന്നം റോഡ് അറ്റകുറ്റപണിചെയ്തു ഗതാഗതയോഗ്യമാവുന്നതുവരെ ഈ റോഡിലൂടെ കണ്ടെയ്നർ ലോറികളടക്കമുള്ള ഭാരവാഹനങ്ങളുടെ യാത്ര നിരോധിക്കണം. ഇക്കാര്യത്തിൽ സർക്കാരും ജില്ലാ ഭരണകൂടവും നടപടികളെടുത്തില്ലെങ്കിൽ ഈ റോഡിലൂടെ വരുന്ന കണ്ടെയ്നർ ലോറികൾ തടയുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. കെ.എ. അഗസ്റ്റിൻ, പി.വി. ലാജു, കൊച്ചുത്രേസ്യാ ജോയ്, പി.ആർ. സൈജൻ, രമേഷ് ഡി. കുറുപ്പ്, അനു വട്ടത്തറ തുടങ്ങിയവർ സംസാരിച്ചു.