പറവൂർ : പുത്തൻവേലിക്കര താലൂക്ക്‌ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനാരാരംഭിക്കുക, രാത്രിയിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പുത്തൻവേലിക്കര റസിഡൻസ് സമിതി ഇന്ന് പുത്തൻവേലിക്കര ബസാറിൽ ധർണ നടത്തും. മാദ്ധ്യമ പ്രവർത്തകൻ രവി കുറ്റിക്കാട്‌ ഉദ്‌ഘാടനം ചെയ്യും. റസിഡന്റ്സ് സമിതി കൺവീനർ നിഷാദ് ശോഭനൻ അദ്ധ്യക്ഷത വഹിക്കും. 45 കിടക്കകൾ, ഡോക്ടർമാരുടെ ക്വാർട്ടേഴസ്‌, ഏഴ് ഡോക്ടർമാർ, നഴ്സുമാരും മറ്റുള്ളവരുമടക്കം 24 ജീവനക്കാർ എന്നിവയുണ്ടായിട്ടും ആശുപത്രിയിൽ കിടത്തി ചികിത്സയോ രാത്രിയിൽ സേവനമോ ആശുപത്രിയിലില്ല. 2011 നു മുമ്പ് ഹെൽത്ത്‌ സെന്റർ ആയിരുന്നപ്പോൾ കേവലം രണ്ട് ഡോക്ടർമാർ മാത്രം ഉണ്ടായിരുന്ന സമയത്ത് കിടത്തി ചികിത്സയടക്കം എല്ലാവിധ സൗകര്യങ്ങളുമുണ്ടായിരുന്നു. താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയപ്പോൾ നിലവാരം ഇടിഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ ആശുപത്രിയെ മാറ്റിയെടുക്കാൻ അധികാരികൾ തയാറാകുന്നതിനു വേണ്ടിയാണ് സമരപരിപാടി ആവിഷ്കരിച്ചിരിക്കുന്നതെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.