കിഴക്കമ്പലം: അമ്പലമേട് കേന്ദ്രവിഹാർ ക്വാർട്ടേഴ്‌സിന്റെ പറമ്പിലെ ഓടയിൽ അകപ്പെട്ട പശുവിനെ പട്ടിമ​റ്റം ഫയർഫോഴ്‌സ് രക്ഷപെടുത്തി. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ക്വാർട്ടേഴ്‌സിന്റെ കാടുപിടിച്ചു കിടന്നിരുന്ന ഒഴിഞ്ഞസ്ഥലത്ത് നിർമിച്ചിരുന്ന ഓടയിലായിരുന്നു പശു അകപ്പെട്ടത്. ഉടമസ്ഥൻ ഇല്ലാതിരുന്നതിനാൽ സംഭവം ആദ്യം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് നാട്ടുകാരിലൊരാളാണ് പശുവിനെ രക്ഷപെടുത്തുവാനുള്ള സഹായത്തിനായി ഫയർഫോഴ്‌സിൽ വിവരമറിയിച്ചത്. സ്​റ്റേഷൻ ഓഫീസർ ടി.സി. സാജുവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. തടസങ്ങളായി ഓടയിൽ കിടന്നിരുന്ന മരക്കൊമ്പുകളും ചെളിയും നീക്കിയതിനുശേഷം പശുവിനെ പരിക്കുകൾ കൂടാതെ പുറത്തെത്തിച്ചു.