കൊച്ചി : കഴിഞ്ഞ വർഷത്തെ പ്രളയദുരന്തത്തെത്തുടർന്ന് നഷ്ടപരിഹാരത്തിന് അർഹരെന്ന് സർക്കാർ കണ്ടെത്തിയവർക്ക് ഒരു മാസത്തിനുള്ളിൽ തുക നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
. നഷ്ടപരിഹാരത്തിന് അർഹരാണെന്ന് സർക്കാർ കണ്ടെത്തിയിട്ടും ഇനിയും സഹായം ലഭിച്ചിട്ടില്ലാത്തവരുണ്ടെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളാണ് ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്. പ്രളയ ദുരിതാശ്വാസ അപേക്ഷകളുടെ തത്‌സ്ഥിതി സംബന്ധിച്ച് എല്ലാ ജില്ലകളിലും വിവരങ്ങൾ ലഭ്യമാക്കുന്ന ഏകീകൃത ഫോർമാറ്റ് അപ്‌ലോഡ് ചെയ്യാൻ സർക്കാരിന് ഒന്നര മാസത്തെ സമയവും ഹൈക്കോടതി അനുവദിച്ചു.
പ്രളയബാധിതർക്ക് നഷ്ടപരിഹാര തർക്കങ്ങളിൽ നിയമ സഹായം നൽകാൻ കേരള ലീഗൽ സർവീസ് അതോറിറ്റിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. തുടർന്ന് ഇതിൽ തീരുമാനം അറിയിക്കാൻ അതോറിറ്റി മെമ്പർ സെക്രട്ടറി സെപ്തംബർ 3ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.
ദുരിതാശ്വാസ അപേക്ഷകളുടെ തത്‌സ്ഥിതി കളക്ടറേറ്റുകളുടെ വെബ്സൈറ്റിൽ നിന്ന് പൊതുജനത്തിന് ലഭ്യമാണെന്ന് സർക്കാർ അറിയിക്കണമെന്ന് നേരത്തെ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചിരുന്നു. എന്നാൽ പല ജില്ലകളിലും പല തരത്തിലാണ് വിവരങ്ങൾ നൽകുന്നതെന്നും ഏകീകരിച്ച ഫോർമാറ്റിലേക്ക് മാറ്റാൻ മൂന്ന് മാസം സമയം വേണമെന്നും ഇന്നലെ സർക്കാർ ബോധിപ്പിച്ചു. ഇക്കൊല്ലത്തെ പ്രളയക്കെടുതിയുടെ കണക്ക് കൂടി വരുന്നതും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ ജനങ്ങൾക്ക് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഒന്നര മാസത്തെ സമയം അനുവദിച്ചത്.