ആലുവ: എടത്തല പഞ്ചായത്തിലെ നൊച്ചിമയിൽ തുടർച്ചയായി അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. മുണ്ടള മുതലക്കുഴി തോട്ടിൽ ഒഴുക്ക് തടസപ്പെട്ടിരിക്കുന്നതിനാൽ എടത്തല, ചൂർണിക്കര ഗ്രാമപഞ്ചായത്തുകളിലെ മുന്നൂറോളം വീട്ടുകാർ ദുരിതമനുഭവിക്കുകയാണ്. തുലാവർഷത്തിനു മുൻപ് തോട്ടിലെ ചെളിയും പുല്ലും പായലും മാലിന്യങ്ങളും നീക്കംചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതിനായുള്ള നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്. ബി.ജെ.പി ജില്ലാ സെക്രട്ടറിയും ജനകീയസമിതി രക്ഷാധികാരിയുമായ എം.എൻ. ഗോപി, കൺവീനർ ടി.ഡി.സുനിൽകുമാർ, ജോ.സെക്രട്ടറി സി.ആർ. ഗിരീഷ്, ശ്രീനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം കൊടുത്തത്.