കൊച്ചി : ദേശീയപാത 66ന്റെ വികസനത്തിനായി മലപ്പുറം ഇടിമൂഴിക്കൽ മുതൽ രാമനാട്ടുകര വരെ പുതിയ അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കാനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.
ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്നവരെ കേൾക്കാതെയും ഇവരുടെ പരാതികൾ കണക്കിലെടുക്കാതെയുമാണ് ഭൂമി ഏറ്റെടുക്കുന്നതെന്നു വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് നടപടി. പരാതികളും അഭിപ്രായങ്ങളും നോട്ടീസ് നൽകി കേട്ട് പുതിയ തീരുമാനം വേഗത്തിലെടുക്കാനും വിധിയിൽ പറയുന്നു. നേരത്തെ മറ്റൊരു അലൈൻമെന്റാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ രാഷ്ട്രീയ സ്വാധീനത്തെത്തുടർന്ന് ഇതുമാറ്റി പുതിയത് തയ്യാറാക്കിയെന്ന് ആരോപിച്ചുള്ള ഒരുകൂട്ടം ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
പുതിയ അലൈൻമെന്റ് പ്രകാരം 60 വീടുകളും 44 വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കേണ്ടി വരുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് അലൈൻമെന്റുകൾ പരിശോധിച്ച് തീരുമാനമെടുക്കേണ്ടി വരുമ്പോൾ സർക്കാർ യുക്തമായ തീരുമാനം എടുക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.